തോക്കുചൂണ്ടി മയക്കുമരുന്നു കേന്ദ്രത്തില്‍ റെയ്ഡ് ; ബംഗ്ലാദേശ് യുവമന്ത്രി വിവാദത്തില്‍

bangladesh minister

പ്രദേശത്തെ ആളുകള്‍ക്ക് നേരെ നിറയൊഴിക്കാന്‍ പാകത്തില്‍ നില്‍ക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നതോടെ നടപടി ചര്‍ച്ചയാകുകയാണ്.

കയ്യില്‍ പിസ്റ്റളുമായി മയക്കുമരുന്നു കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയ ബംഗ്ലാദേശിലെ യുവമന്ത്രി വിവാദത്തിലായി. ലിബറേഷന്‍ വാര്‍ അഫയേഴ്‌സ് സഹമന്ത്രി ഇഷ്‌റാഖ് ഖുസൈനാണ് ധാക്കയിലെ ചേരി പ്രദേശത്ത് പരിശോധന നടത്തിയത്. ഒരു കയ്യില്‍ പിസ്റ്റളേന്തിയാണ് സിനിമാ സ്റ്റൈലില്‍ മന്ത്രി വാഹനത്തില്‍ നിന്നും പുറത്തിറങ്ങുന്നത്. പിന്നാലെ പ്രദേശത്തെ ആളുകള്‍ക്ക് നേരെ നിറയൊഴിക്കാന്‍ പാകത്തില്‍ നില്‍ക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നതോടെ നടപടി ചര്‍ച്ചയാകുകയാണ്.


ഇന്നലെയാണ് ഗെന്ദാരിയ സ്റ്റേഷന് സമീപത്ത് റെയ്ഡിനായി മന്ത്രിയെത്തിയത്. മെഗാഫോണും പിസ്റ്റളുമായി പുറത്തിറങ്ങുന്ന മന്ത്രിയുടെ വീഡിയോ അദ്ദേഹം തന്നെ പങ്കുവച്ചിരുന്നു. മന്ത്രിക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളുടെ കയ്യിലും തോക്കുണ്ടായിരുന്നു. നിങ്ങള്‍ ഈ നഗരം മുഴുവന്‍ നശിപ്പിക്കുകയാണെന്നു മന്ത്രി പറയുന്നതും വീഡിയോയിലുണ്ട്.


മയക്കുമരുന്ന് ഉപയോഗിക്കുന്നതായി സംശയിക്കുന്ന ആറു പേരെ മന്ത്രിയും സംഘവും പിടികൂടി പൊലീസിന് കൈമാറി. ഇക്കൂട്ടത്തില്‍ നിരപരാധികളുമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അതിനിടെ റെയ്ഡിനെ കുറിച്ച് മന്ത്രി മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് ധാക്ക പൊലീസിലെ അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ മസൂദ് റാണ പറഞ്ഞു. പിടികൂടിയവരുടെ കൈവശം ചില പൊടിവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
 

Tags