ഖത്തറിനെ തൊട്ടാൽ ഇറാനെ തകർക്കും ;മുന്നറിയിപ്പുമായി ട്രംപ്

Trump

 പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖത്തറിന് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക പാടമായ സൗത്ത് പാർസ് അമേരിക്ക പൂർണ്ണമായും തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ബുധനാഴ്ച സൗത്ത് പാർസിലെ ചില അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് അറിവുണ്ടായിരുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇസ്രയേലിനെ താൻ ശാസിച്ചെന്നും ഇനി അവരുടെ ഭാഗത്തുനിന്ന് സൗത്ത് പാർസിന് നേരെ ആക്രമണം ഉണ്ടാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഖത്തറിനെതിരായ നീക്കങ്ങൾ ഇറാൻ തുടർന്നാൽ, ഇസ്രയേലിന് പകരം അമേരിക്ക നേരിട്ട് സൗത്ത് പാർസ് വാതകപ്പാടം കത്തിക്കുമെന്നാണ് ട്രംപിന്റെ താക്കീത്.

ലോകത്ത് ഏറ്റവുമധികം പ്രകൃതിവാതക നിക്ഷേപമുള്ള പാടമാണിത്. ഇതിന്റെ ഒരു ഭാഗത്ത് ഖത്തറാണ് ഖനനം നടത്തുന്നത്. ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി. കയറ്റുമതി രാജ്യമായ ഖത്തറിന്റെ ഊർജ്ജസ്രോതസ്സിന്റെ ഭൂരിഭാഗവും ഈ പാടത്തെ ആശ്രയിച്ചാണ് നിൽക്കുന്നത്. സൗത്ത് പാർസിന് നേരെയുള്ള ആക്രമണം ലോകത്തെ മുഴുവൻ വിഴുങ്ങുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നേരത്തെ പ്രതികരിച്ചിരുന്നു.

Tags