നാലാമത് ജി.സി.സി ഗെയിംസിന് ഒരുങ്ങി ഖത്തർ
ദോഹ: ഗൾഫ് രാജ്യങ്ങൾ കാത്തിരിക്കുന്ന നാലാമത് ജി.സി.സി ഗെയിംസിന് ഒരുങ്ങി ഖത്തർ. മേയ് 11 മുതൽ 22 വരെ ദോഹയിൽ നടക്കുന്ന കായിക മാമാങ്കത്തിൽ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് താരങ്ങൾ പങ്കെടുക്കും. ആകെ 19 കായിക ഇനങ്ങളിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്.
ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള കായിക സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും യുവ പ്രതിഭകളെ വാർത്തെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. ഹാൻഡ്ബാൾ, ടേബിൾ ടെന്നീസ്, അത്ലറ്റിക്സ്, സ്ക്വാഷ്, ഫെൻസിങ്, ബോക്സിങ്,കരാട്ടെ, നീന്തൽ, ബാസ്ക്കറ്റ്ബാൾ, ഷൂട്ടിങ്, അമ്പെയ്ത്ത്, വോളിബാൾ, കുതിരസവാരി തുടങ്ങിയ ഇനങ്ങളിലായി മത്സരങ്ങൾ നടക്കും.ജി.സി.സി ഗെയിംസിന്റെ ഭാഗ്യചിഹ്നമായി 'വാഷഖ്' സംഘാടകർ കഴിഞ്ഞദിവസം പുറത്തിറക്കി. മത്സരങ്ങൾക്കൊപ്പം സന്ദർശകർക്കും കായിക ആരാധകർക്കുമായി വിവിധ ഫാൻ ഇവന്റുകളും സാംസ്കാരിക പരിപാടികളും ഒരുക്കുന്നുണ്ട്.
ഗെയിംസിന്റെ വിജയത്തിനായി സഹകരിക്കുന്ന സ്പോൺസർമാരെയും പങ്കാളികളെയും ഖത്തർ ഒളിമ്പിക് കമ്മിറ്റി ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ജി.സി.സി ഗെയിംസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കമ്മിറ്റി തലവൻ ശൈഖ് അബ്ദുല്ല ബിൻ സഊദ് ആൽഥാനി അറിയിച്ചു.
.jpg)

