ജര്‍മനിയിലും കത്തിപ്പടര്‍ന്ന് ജെന്‍ സി പ്രക്ഷോഭം; പൊലീസിന് നേരെ ആക്രമണം

germany

ഫ്രാങ്ക്ഫര്‍ട്ടില്‍ മുഖംമൂടി ധരിച്ചെത്തിയ പ്രക്ഷോഭകര്‍ കടകള്‍ അടിച്ചുതകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു.

ജീവിതച്ചെലവ് വര്‍ധിക്കുന്നതിനും നിര്‍ബന്ധിത സൈനിക സേവനത്തിനുമെതിരെ ജര്‍മനിയില്‍ വന്‍ പ്രക്ഷോഭം. ജെന്‍ സികളുടെ നേതൃത്വത്തില്‍ ബെര്‍ലിന്‍, ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് തുടങ്ങി മുപ്പത്തിനാലോളം നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. പലയിടത്തും പ്രക്ഷോഭം ആക്രമണങ്ങളില്‍ കലാശിച്ചു. ഫ്രാങ്ക്ഫര്‍ട്ടില്‍ മുഖംമൂടി ധരിച്ചെത്തിയ പ്രക്ഷോഭകര്‍ കടകള്‍ അടിച്ചുതകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു.

ശനിയാഴ്ച രാത്രി ഹാലോവീന്‍ ആഘോഷങ്ങള്‍ക്കിടെയാണ് പലയിടത്തും പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയത്. ഫ്രാങ്ക്ഫര്‍ട്ടില്‍ കുറഞ്ഞത് രണ്ട് കടകളെങ്കിലും കൊള്ളയടിക്കപ്പെട്ടതായും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ പൊലീസിനുനേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതായി ഫ്രാങ്ക്ഫര്‍ട്ട് പൊലീസ് എക്‌സില്‍ കുറിച്ചു. അക്രമികളെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. നഗരമധ്യത്തില്‍ നിരവധി കടകളുടെ ചില്ലുകള്‍ തകര്‍ത്തു. ഹാംബര്‍ഗില്‍ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ക്ക് തീയിട്ടു.

'ജനറേഷന്‍ ഇസഡ് റീജല്‍റ്റ്' അഥവാ ജെന്‍ സി അധികാരമേല്‍ക്കുന്നു എന്ന കാമ്പയിന്‍ ഗ്രൂപ്പാണ് ജര്‍മനിയില്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പൊതുസേവന മേഖലകളില്‍ കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുക, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്ക് പരിഹാരം കാണുക, നിര്‍ബന്ധിത സൈനിക സേവനം ഒഴിവാക്കുക' തുടങ്ങിയവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍. 'യുദ്ധത്തിനും ബലപ്രയോഗത്തിനും വേണ്ടിയല്ല, സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് മികച്ച പിന്തുണ ലഭിക്കണം. നിര്‍ബന്ധിത സൈനിക സേവനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു', കാമ്പയിന്‍ വക്താവ് ലിന ഫ്രീഡ്രിക്ക് ബെര്‍ലിനിലെ റാലിയില്‍ വ്യക്തമാക്കി.

Tags