പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്‌ബെക്കിസ്ഥാനില്‍ ; ഊഷ്മള സ്വീകരണം നല്‍കി പ്രസിഡന്റ്

modi

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി പ്രസിഡന്റ് മിര്‍സിയോയേവയുമായി ഉന്നതതല ചര്‍ച്ചകള്‍ നടത്തും.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉസ്‌ബെക്കിസ്ഥാനിലെത്തി. താഷ്‌കന്റ് വിമാനത്താവളത്തില്‍ ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവ് അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നല്‍കി.


ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി പ്രസിഡന്റ് മിര്‍സിയോയേവയുമായി ഉന്നതതല ചര്‍ച്ചകള്‍ നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഊര്‍ജം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം ഇരു നേതാക്കളും വിലയിരുത്തുകയും ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അജണ്ട തയ്യാറാക്കുകയും ചെയ്യും.
'പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവിന്റെ ഊഷ്മള സ്വീകരണത്തോടെ ഞാന്‍ താഷ്‌കന്റില്‍ എത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഈ പ്രത്യേക കരുതലിന് നന്ദി. ഉസ്‌ബെക്കിസ്ഥാനിലേക്കുള്ള എന്റെ നാലാമത്തെ സന്ദര്‍ശനമാണിത്, ഇത് നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ ആഴവും വളര്‍ച്ചയുമാണ് പ്രതിഫലിപ്പിക്കുന്നത്' എന്ന് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രി മോദിയുടെ ഉസ്‌ബെക്കിസ്ഥാനിലേക്കുള്ള നാലാമത്തെ സന്ദര്‍ശനമാണിത്. ഇവിടെയെത്തിയ അദ്ദേഹം യാങ്കി ഉസ്‌ബെക്കിസ്ഥാന്‍ പാര്‍ക്ക് സന്ദര്‍ശിക്കുകയും സ്വാതന്ത്ര്യ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിച്ച സ്മാരകത്തിലേക്ക് പ്രസിഡന്റ് മിര്‍സിയോയേവ് പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമീപ വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമായതായി യാത്ര തിരിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി എടുത്തുപറഞ്ഞിരുന്നു.

Tags