പെറുവില്‍ വിമാനം തകര്‍ന്നുവീണ് വിദേശ വിനോദസഞ്ചാരികളടക്കം 13 പേര്‍ മരിച്ചു

flight

മരിച്ചവരില്‍ ഏഴുപേര്‍ ഇറ്റാലിയന്‍ സഞ്ചാരികളാണ്. ജര്‍മനിയില്‍നിന്നുള്ള രണ്ടുപേരും സ്‌പെയിനില്‍നിന്നുള്ള രണ്ട് സഞ്ചാരികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

പെറുവിലുണ്ടായ വിമാനാപകടത്തില്‍ 13 പേര്‍ മരിച്ചു. പെറുവിലെ വിഖ്യാതമായ നസ്‌ക ലൈന്‍സ് കാണാനായി വിനോദസഞ്ചാരികളുമായി യാത്രതിരിച്ച വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 11 വിദേശ വിനോദസഞ്ചാരികളും ജീവനക്കാരായ രണ്ടുപേരും അപകടത്തില്‍ മരിച്ചു. മരിച്ചവരില്‍ ഏഴുപേര്‍ ഇറ്റാലിയന്‍ സഞ്ചാരികളാണ്. ജര്‍മനിയില്‍നിന്നുള്ള രണ്ടുപേരും സ്‌പെയിനില്‍നിന്നുള്ള രണ്ട് സഞ്ചാരികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

യുനെസ്‌കോ പൈതൃക പട്ടികയിലുള്ള പെറുവിലെ നസ്‌ക ലൈന്‍സ് കാണാനായി ചെറുവിമാനത്തില്‍ യാത്രതിരിച്ചവരാണ് അപകടത്തില്‍പ്പെട്ടതെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ അന്‍ഡിന റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച നസ്‌ക നഗരത്തിന് സമീപത്തെ ഒരു വയലിലാണ് വിമാനം തകര്‍ന്നുവീണത്. നസ്‌കയ്ക്ക് സമീപത്തുള്ള ഇകാ നഗരത്തില്‍നിന്നാണ് വിനോദസഞ്ചാരികളുമായി വിമാനം പറന്നുയര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെറുവിയന്‍ വിമാനക്കമ്പനിയായ എയറോഡിയാനയുടെ ഉടമസ്ഥതയിലുള്ള സെസ്‌ന ഗ്രാന്‍ഡ് കാരവന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ 14 വര്‍ഷമായി നസ്‌ക ലൈന്‍സില്‍ സഞ്ചാരികള്‍ക്കായി വിമാനയാത്ര സംഘടിപ്പിക്കുന്ന കമ്പനിയാണ് എയറോഡിയാന. സംഭവത്തില്‍ പെറുവിയന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, വിമാനക്കമ്പനിയായ എയറോഡിയാന ഇതുവരെ അപകടത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Tags