സ്‌കാനിങ്ങിനിടെ രോഗിയെ മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; ഫ്ലോറിഡയില്‍ എംആര്‍ഐ ടെക്നീഷ്യന്‍ അറസ്റ്റില്‍

arrest

ശാരീരികമായി സഹായമില്ലാത്തതോ ബോധക്ഷയാവസ്ഥയിലോ ആയ വ്യക്തിക്കെതിരായ ലൈംഗിക അതിക്രമം എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണം തുടരുകയാണ്.

എംആര്‍ഐ സ്‌കാനിങ്ങിനിടെ 64കാരിയായ രോഗിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 42കാരനായ എംആര്‍ഐ ടെക്നീഷ്യന്‍ ഗബ്രിയേല്‍ ക്രൂസ് അറസ്റ്റില്‍. ഫ്ലോറിഡയിലെ എച്ച്സിഎ ഫ്ലോറിഡ സെന്റ് ലൂസി ആശുപത്രിയില്‍ സെപ്റ്റംബര്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്.എംആര്‍ഐ പരിശോധനയ്ക്ക് മുമ്പ് രോഗിക്ക് നല്‍കിയ മരുന്നിനെ തുടര്‍ന്ന് അവര്‍ക്ക് കടുത്ത മയക്കം അനുഭവപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. പരിശോധനയ്ക്കിടെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പിറ്റേ ദിവസം രോഗി ആശുപത്രി ജീവനക്കാരോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു.


അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയിലെ നിരീക്ഷണ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. രോഗി എംആര്‍ഐ മുറിയില്‍ പ്രവേശിച്ചതിനും പിന്നീട് പുറത്തേക്ക് കൊണ്ടുപോയതിനും പിന്നാലെ ക്രൂസ് മുറിയില്‍നിന്ന് പുറത്തുവരുന്നതും ചില വസ്തുക്കള്‍ ഉപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കണ്ടെടുത്ത വസ്തുക്കളില്‍ നടത്തിയ പരിശോധനയില്‍ പുരുഷ ബീജത്തിന്റെ സാന്നിധ്യത്തിന് പ്രാഥമികമായി പോസിറ്റീവ് ഫലം ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഓഗസ്റ്റ് 24 മുതല്‍ ആശുപത്രിയില്‍ ട്രാവല്‍ എംആര്‍ഐ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ക്രൂസ്. ശാരീരികമായി സഹായമില്ലാത്തതോ ബോധക്ഷയാവസ്ഥയിലോ ആയ വ്യക്തിക്കെതിരായ ലൈംഗിക അതിക്രമം എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണം തുടരുകയാണ്.
സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ ക്രൂസിന്റെ ജോലി അവസാനിപ്പിച്ചതായും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

Tags