ദുബായിൽ സ്പോൺസറോ മറ്റൊരാളോ അനധികൃതമായി പാസ്‌പോർട്ട് കൈവശം വെച്ചാൽ പരാതി നൽകാം

dubai

ദുബായിൽ സ്പോൺസറോ മറ്റൊരാളോ അനധികൃതമായി പാസ്‌പോർട്ട് കൈവശം വെച്ചതിനെ തുടർന്ന് ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഇനി ജി ഡി ആർ എഫ് എ ദുബായിൽ ഓൺലൈനായി പരാതി നൽകാം. ഇതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആർ എഫ് എ) ദുബായ് വെബ്‌സൈറ്റിൽ ഇലക്ട്രോണിക് പരാതി സംവിധാനം ഒരുക്കി. ഇതുസംബന്ധിച്ച വിവരങ്ങൾ ജി ഡി ആർ എഫ് എ ദുബായ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
പാസ്‌പോർട്ട് കൈവശം വെച്ചതുമായി ബന്ധപ്പെട്ട പരാതികൾ – ഈ സംവിധാനത്തിലൂടെ സമർപ്പിക്കാം. പരാതി ലഭിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.തൊഴിലുടമയോ ,കമ്പനിയോ ജീവനക്കാരന്റെ അനുമതിയില്ലാതെ പാസ്‌പോർട്ട് പിടിച്ചുവെക്കാൻ വെക്കാൻ പാടില്ല എന്നാണ് നിയമം.

ഓൺലൈനായി പരാതി നൽകുന്നത് എങ്ങനെ?

ജി ഡി ആർ എഫ് എ ദുബായുടെ സ്മാർട്ട് സർവീസ് പോർട്ടലായ smart.gdrfad.gov.ae വഴിയാണ് പരാതി നൽകേണ്ടത്. തുടർന്ന്

1, Individuals വിഭാഗത്തിൽ പ്രവേശിക്കുക.
2, അക്കൗണ്ടിൽ Login ചെയ്യുക.
3,New Request തിരഞ്ഞെടുക്കുക.
4,Legal Affairs Services വിഭാഗത്തിലേക്ക് പ്രവേശിക്കുക.
5,ആവശ്യമായ സേവനം തിരഞ്ഞെടുക്കുക.
6,ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളും തെളിവുകളും അപ്‌ലോഡ് ചെയ്ത് പരാതി സമർപ്പിക്കുക.

പരാതിയിൽ സംഭവിച്ച കാര്യങ്ങൾ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തണം. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നം തെളിയിക്കാൻ ലഭ്യമായ രേഖകളും മറ്റ് തെളിവുകളും പരാതിയോടൊപ്പം സമർപ്പിക്കുന്നത് വിഷയത്തിൽ അതിവേഗത്തിൽ നടപടി സ്വീകരിക്കാൻ സഹായിക്കും.

പരാതി ലഭിച്ച ശേഷം ബന്ധപ്പെട്ട വിഭാഗം വിഷയം പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തുകയും ചെയ്യും. പ്രശ്നത്തിന് പരിഹാരം ലഭിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് പരാതി അവസാനിപ്പിക്കുന്നത്.

പാസ്‌പോർട്ട് മറ്റൊരാളുടെ കൈവശമുള്ളതിനെ തുടർന്ന് ബുദ്ധിമുട്ട് നേരിടുന്നവർ വിഷയം അവഗണിക്കാതെ ജി ഡി ആർ എഫ് എ ദുബായുടെ ഔദ്യോഗിക ഓൺലൈൻ സംവിധാനത്തിലൂടെ പരാതിനൽകണമെന്നാണ് അധികൃതരുടെ നിർദേശം.

Tags