ഹാന്റവൈറസ് ബാധിത കപ്പലിലെ 6 യാത്രക്കാർ ഓസ്‌ട്രേലിയയിൽ എത്തി; മൂന്നാഴ്ച ക്വാറന്റൈൻ
മെൽബൺ : ഹാന്റവൈറസ് പൊട്ടിപ്പുറപ്പെട്ട ക്രൂയിസ് കപ്പലിലെ ആറ് യാത്രക്കാർ ഓസ്‌ട്രേലിയയിൽ എത്തി. മൂന്ന് ആഴ്ച ഇവരെ ക്വാറന്റൈനിൽ പാർപ്പിക്കും. യാത്രക്കാരുമായുള്ള ഗൾഫ്‌സ്ട്രീം ലോംഗ് റേഞ്ച് ബിസിനസ് ജെറ്റ് നെതർലൻഡ്‌സിൽ നിന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ സംസ്ഥാന തലസ്ഥാനമായ പെർത്തിലുള്ള RAAF ബേസ് പിയേഴ്‌സിൽ ലാൻഡ് ചെയ്തു. യാത്രക്കാരെയും ജീവനക്കാരെയും ഡോക്ടറെയും ബസിൽ അടുത്തുള്ള ബുൾസ്ബ്രൂക്ക് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.
ഓസ്‌ട്രേലിയൻ ആരോഗ്യമന്ത്രി മാർക്ക് ബട്‌ലർ നേതൃത്വം നൽകി. നെതർലൻഡ്‌സിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ആറ് യാത്രക്കാരുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നു. വിമാനയാത്രയ്ക്കിടെ ഒരു ഡോക്ടർ അവരെ പരിശോധിച്ചിരുന്നു. ബുൾസ്ബ്രൂക്കിൽ കൂടുതൽ വിശദമായ ആരോഗ്യ പരിശോധനകൾക്ക് യാത്രക്കാരെ വിധേയമാക്കുമെന്ന് ബട്‌ലർ പറഞ്ഞു.
അർജന്റീനയിൽ നിന്ന് കേപ് വെർഡെയിലേക്ക് യാത്ര തിരിച്ച 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് വിനോദസഞ്ചാരക്കപ്പലിലാണ് ഹാന്റ വൈറസ് ബാധയുണ്ടായത്. മെയ് ആദ്യവാരമാണ് ആഡംബരക്കപ്പലിൽ ഹാന്റ വൈറസ് ബാധ സ്ഥിരീകരിച്ചത്. കപ്പലിലെ യാത്രക്കാരായ മൂന്നുപേർ പിന്നീട് മരണമടഞ്ഞു. ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യൻ യൂണിയന്റെയും നിർദേശപ്രകാരം കപ്പൽ കേപ് വെർഡെ തീരത്തുനിന്നും സ്പെയിനിലെത്തിച്ച് ആളുകളെ ഒഴിപ്പിച്ചിരുന്നു. യാത്രക്കാരെ ഒഴിപ്പിച്ച ശേഷം കപ്പൽ അണുവിമുക്തമാക്കുന്നതിനായി സ്പെയിനിലെത്തിച്ചിരുന്നു.
കപ്പലിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും അതത് രാജ്യങ്ങളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ 11 പേർക്കാണ് രോഗബാധ. ഫ്രാൻസിൽ ചികിത്സയിലുള്ള ഒരു യാത്രക്കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. വൈറസിന് കൂടുതൽ വ്യാപനശേഷിയുള്ള രീതിയിലുള്ള ജനിതകമാറ്റങ്ങൾ ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ലെന്ന് യൂറോപ്യൻ ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
.jpg)

