ഫലസ്തീനികളെ ഒഴിപ്പിച്ച് ഗസ്സയെ ജനശൂന്യമാക്കാതെ ഒരു പരിഹാരവുമില്ല : ഇസ്രായേൽ പ്രതിരോധ മന്ത്രി
തെൽ അവീവ്: ഫലസ്തീനികളെ ഒഴിപ്പിച്ച് ഗസ്സയെ ജനശൂന്യമാക്കാതെ ഒരു പരിഹാരവുമില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് താൽക്കാലികമായി മരവിപ്പിച്ചത് മാത്രമാണ് ഈ പദ്ധതിയെന്നും, ഫലസ്തീനികളെ കുടിയൊഴിപ്പിക്കൽ മാത്രമാണ് ഏക പോവഴിയെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. ഇസ്രായേലി മാധ്യമമായ ‘യനെറ്റ്’ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു കാറ്റ്സിന്റെ വിവാദ പരാമർശം.
ഫലസ്തീനികളുടെ സ്വമേധയായുള്ള ‘കുടിയേറ്റം’ അഥവാ ‘മൈഗ്രേഷൻ’ എന്നാണ് ഇസ്രായേലി ഔദ്യോഗിക വൃത്തങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇത് വംശഹത്യയും വംശീയ ഉദ്ധാരണവുമാണെന്ന് ഫലസ്തീൻ അവകാശ പ്രവർത്തകർ കഴിഞ്ഞ മൂന്ന് വർഷമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗസ്സയിലെ യുദ്ധത്തിന്റെ ആത്യന്തിക ലക്ഷ്യം ഫലസ്തീൻ പ്രദേശങ്ങളെ വംശീയമായി ശുദ്ധീകരിക്കുകയാണെന്ന വാദത്തിന് ശക്തി പകരുന്നതാണ് പ്രതിരോധ മന്ത്രിയുടെ പുതിയ പ്രസ്താവന.
ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാർ ഇതിനുമുമ്പും ഗസ്സയെ ജനശൂന്യമാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനികളെ പുറത്താക്കിയ ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സ് ഈ പ്രദേശം ഏറ്റെടുക്കുമെന്നായിരുന്നു ഡോണൾഡ് ട്രംപ് തന്റെ പ്രസിഡൻറ് പദവിയുടെ ആദ്യകാലങ്ങളിൽ ഈ ആശയത്തെ പിന്തുണച്ചുകൊണ്ട് പറഞ്ഞിരുന്നത്. എന്നാൽ,അമേരിക്കയുടെ സഖ്യകക്ഷികളായ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് വലിയ പ്രതിഷേധമാണ് ഈ പ്രസ്താവനയ്ക്കെതിരെ ഉയർന്നത്.
തുടർന്ന് ഫലസ്തീനികൾക്ക് അവരുടെ സ്വന്തം ഭൂമിയിൽ തുടരാനുള്ള അവകാശം ഉറപ്പുനൽകുന്ന ഒരു വെടിനിർത്തൽ കരാറിന് ട്രംപ് നേതൃത്വം നൽകുകയുണ്ടായി. ‘ആരെയും ഗസ്സ വിട്ടുപോകാൻ നിർബന്ധിക്കില്ല, പോകാൻ ആഗ്രഹിക്കുന്നവർക്ക് സ്വതന്ത്രമായി പോകാനും തിരിച്ചുവരാനും സ്വാതന്ത്ര്യമുണ്ടാകും’ എന്നായിരുന്നു 12 ഇന കരാറിൽ വ്യക്തമാക്കിയിരുന്നത്.
കൂടാതെ, ആളുകളെ അവിടെത്തന്നെ തുടരാൻ പ്രോത്സാഹിപ്പിക്കുമെന്നും മെച്ചപ്പെട്ട ഒരു ഗസ്സ പടുത്തുയർത്താനുള്ള അവസരങ്ങൾ നൽകുമെന്നും കരാർ വാഗ്ദാനം ചെയ്തിരുന്നു. ഇതിനിടയിലാണ് ഈ കരാറിലെ വ്യവസ്ഥകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ഗസ്സയിലെ ജനസംഖ്യയെ പൂർണമായി ഒഴിവാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഇസ്രായേൽ പ്രതിരോധ മന്ത്രി വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്.
.jpg)

