പാകിസ്താനിൽ പ്രമുഖ മുസ്ലിം പണ്ഡിതൻ വെടിയേറ്റു മരിച്ചു


പെഷാവർ: പാകിസ്താനിലെ പ്രമുഖ മുസ്ലിം പണ്ഡിതൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. അഹ്ലുസ്സുന്നത്തു വൽ ജമാഅത്ത് നേതാവും അന്താരാഷ്ട്ര ഖതീമു നുബുവത് മൂവ്മെന്റിന്റെ തലവനുമായ ഖാരി ഇജാസ് ആബിദാണ് ചികിത്സക്കിടെ മരിച്ചത്. തിങ്കളാഴ്ച ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ പുഷ്ട് ഖാരയിൽനിന്നാണ് വെടിയേറ്റത്.
ബൈക്കിലെത്തിയ അജ്ഞാതർ ആബിദിന്റെ നേർക്ക് വെടിയുതിർക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹായി ഖാരി ശാഹിദുല്ലക്കും വെടിയേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്. നിരവധി വെടിയുണ്ടകൾ സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഭീകരവാദ നിയമപ്രകാരം കേസെടുത്തതായി ഭീകരവിരുദ്ധ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
