ഇന്ത്യയിലെ മുസ്ലിം ആരാധനാലയങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന പാകിസ്ഥാന്‍ പ്രസിഡന്റിന്റെ ആരോപണം ; ശക്തമായ ഭാഷയില്‍ മറുപടി നല്‍കി ഇന്ത്യ

asif ali zardari

മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയിലെ മുസ്ലിം ആരാധനാലയങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ആരോപണത്തിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഇന്ത്യ. സര്‍ദാരിയുടെ പ്രസ്താവനകള്‍ അസംബന്ധവും വിദ്വേഷത്തില്‍ നിന്ന് ഉടലെടുത്ത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

പാക് പ്രസിഡന്റിന്റെ അനാവശ്യമായ ഇത്തരം അഭിപ്രായ പ്രകടനങ്ങളെ ഇന്ത്യ പൂര്‍ണ്ണമായി തള്ളിക്കളയുന്നുവെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ സംസാരിക്കാന്‍ അദ്ദേഹത്തിന് യാതൊരു നിയമപരമായ അവകാശവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങളെ നിരന്തരമായി വേട്ടയാടുന്ന പാകിസ്ഥാന്റെ മനുഷ്യാവകാശ ചരിത്രം അങ്ങേയറ്റം പരിതാപകരമാണെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ ചൂണ്ടിക്കാട്ടി. പാകിസ്ഥാന്റെ മനുഷ്യാവകാശ നിലവാരത്തിനെതിരെ ആഗോളതലത്തില്‍ തന്നെ കടുത്ത വിമര്‍ശനമുണ്ട് . വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതിനും പീഡിപ്പിക്കുന്നതിനും നീണ്ട ചരിത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags