പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്

imrankhan

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും ഇസ്ലാമബാദ് പൊലീസ്. ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ പൊലീസും പിടിഐ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ആള്‍ക്കൂട്ടം പൊലീസിന് നേരെ കല്ലേറു നടത്തി. ഇത് രണ്ടാം തവണയാണ് ഇസ്ലാമബാദ് പൊലീസ് ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തുന്നത്.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന് എതിരെയുള്ള കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വയ്ക്കാം. അല്ലാത്തവ 'തോഷഖാന' എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ 50 ശതമാനം നല്‍കി വാങ്ങാനാകും. എന്നാല്‍ ഇമ്രാന്‍ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നാണ് ആരോപണം.

മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകിതിരുന്നതിന് പിന്നാലെ, ഇസ്ലാമാബാദ് കോടതി ഇമ്രാനെ അറസ്റ്റ് ചെയ്തു കൊണ്ടുവരാന്‍ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ അഞ്ചിന് ഇമ്രാനെ അറസ്റ്റ് ചെയ്യാനായി പൊലീസ് സംഘം എത്തിയെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം അറസ്റ്റ് നടന്നിരുന്നില്ല. ഇമ്രാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നായിരുന്നു പൊലീസ് പിന്നീട് നല്‍കിയ വിശദീകരണം. എന്നാല്‍, പൊലീസ് നോക്കിനില്‍ക്കെ തന്നെ ഇമ്രാന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.

Share this story