പാകിസ്ഥാനിൽ ജനാധിപത്യവും മനുഷ്യാവകാശവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ അമേരിക്കൻ സഹായം വേണം : ഇംറാൻ ഖാൻ


ഇസ്ലാമാബാദ്: രാജ്യത്ത് ജനാധിപത്യവും മനുഷ്യാവകാശവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹം പ്രത്യേകിച്ച് അമേരിക്ക രംഗത്തുവരണമെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഒരു വർഷത്തിലേറെയായി റാവൽപിണ്ടിയിലെ ജയിലിൽ കഴിയുന്ന ഖാൻ, ടൈം മാഗസിനിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്തെ രാഷ്ട്രീയ സംഘർഷാവസ്ഥയിലും ജനാധിപത്യ തകർച്ചയിലും കടുത്ത ആശങ്ക പങ്കുവെക്കുന്നതാണ് പുറത്തുവന്ന ലേഖനം. ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ഖാൻ വ്യക്തമാക്കി.
പാകിസ്ഥാനുമായി സാമ്പത്തിക സഹകരണം ശക്തമാക്കാനും സ്ഥിരത ഉറപ്പാക്കാനും ആഭ്യന്തര സംഘർഷങ്ങൾ അവസാനിപ്പിക്കാനും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്കയ്ക്ക് കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തനിക്കെതിരെ കുറ്റങ്ങൾ ചുമത്തിയതും തടവിലിട്ടതും രാഷ്ട്രീയ പ്രേരിതമാണ്. ജനാധിപത്യ മൂല്യങ്ങൾക്കുവേണ്ടിയുള്ള തന്റെ പോരാട്ടത്തെ തകർക്കുകയാണ് ലക്ഷ്യമെന്നും ഖാൻ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.