ഐഎംഎഫിന്റെയും ലോകബാങ്ക് ഗ്രൂപ്പിന്റെയും ഗവര്‍ണര്‍മാരുടെ ബോര്‍ഡ് അധ്യക്ഷപദവി പാകിസ്ഥാന് ; ചരിത്രനേട്ടമെന്ന് ഇസ്ലാമാബാദ്

Shehbaz Sharif

1953ന് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് (ഐഎംഎഫ്) പുതിയ വായ്പയ്ക്കായി കാത്തുനില്‍ക്കുന്നതിനിടയിലും, 2027ലെ ഐഎംഎഫിന്റെയും ലോകബാങ്ക് ഗ്രൂപ്പിന്റെയും ഗവര്‍ണര്‍മാരുടെ ബോര്‍ഡ് അധ്യക്ഷപദവി പാകിസ്ഥാന്. ലോകബാങ്ക്-ഐഎംഎഫ് വാര്‍ഷിക യോഗത്തിലാണ് പാകിസ്ഥാനെ തരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. അംഗരാജ്യങ്ങളുടെ ധനമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും പങ്കെടുക്കുന്ന യോഗങ്ങള്‍ക്ക് രാജ്യം നേതൃത്വം നല്‍കുമെങ്കിലും, വായ്പാ തീരുമാനങ്ങളില്‍ ഈ പദവിയിലൂടെ നേരിട്ട് നിയന്ത്രണം ലഭിക്കില്ല.

1953ന് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ലോകബാങ്കിലെ പാകിസ്ഥാന്റെ ഗവര്‍ണറും സാമ്പത്തികകാര്യ മന്ത്രിയുമായ അഹദ് ഖാന്‍ ചീമ 2027-ലെ പുതിയ അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്ന് വെള്ളിയാഴ്ച സാമ്പത്തികകാര്യ മന്ത്രാലയം അറിയിച്ചു. ആഗോള സാമ്പത്തിക ചര്‍ച്ചകളില്‍ സംഭാവന നല്‍കാനും അംഗരാജ്യങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ സുഗമമാക്കാനും ഈ പദവി സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിലുള്ള ഈ നയതന്ത്ര അംഗീകാരം ലഭിക്കുമ്പോഴും, ബാഹ്യ ധനസഹായത്തിനായി പാകിസ്ഥാന്‍ ഇപ്പോഴും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

1950ല്‍ ഐഎംഎഫില്‍ അംഗമായതിനുശേഷം കുറഞ്ഞത് 25 തവണയാണ് പാകിസ്ഥാന്‍ വായ്പാ പദ്ധതികള്‍ക്കായി സംഘടനയെ സമീപിച്ചിട്ടുള്ളത്. വിദേശനാണ്യ ശേഖരത്തിന്റെ കുറവും പണപ്പെരുപ്പവും കാരണം വിദേശ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ രാജ്യം നേരിടുന്ന നിരന്തരമായ പ്രതിസന്ധികളാണ് ഇത് വ്യക്തമാക്കുന്നത്. 

Tags