ഇറാനെതിരായ യുദ്ധത്തില്‍ സമയ പരിധിയില്ല, യുഎസ് കോണ്‍ഗ്രസില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിരോധ സെക്രട്ടറി

pete hegseth

കടുത്ത ചോദ്യങ്ങളാണ് യുഎസ് കോണ്‍ഗ്രസില്‍ പീറ്റ് ഹെഗ്‌സെത്ത് നേരിട്ടത്.

ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയുടെ നടപടിയെ വിശദീകരിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. യുഎസ് കോണ്‍ഗ്രസിലാണ് പീറ്റ് ഹെഗ്സെത്തും പെന്റഗണ്‍ നേതൃത്വവും സൈനിക നടപടിയെ പ്രതിരോധിച്ചുള്ള വാദങ്ങള്‍ ഉയര്‍ത്തിയത്. ഇറാന്‍ യുദ്ധത്തെ കുറിച്ച് കടുത്ത ചോദ്യങ്ങളാണ് യുഎസ് കോണ്‍ഗ്രസില്‍ പീറ്റ് ഹെഗ്‌സെത്ത് നേരിട്ടത്.യുദ്ധം എന്തിനായിരുന്നുവെന്നാണ് ജനപ്രതിനിധികള്‍ ചോദിച്ചത്. ഈ ഘട്ടത്തില്‍ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിയോഗികള്‍ ഡെമോക്രറ്റുകളും ചില റിപ്പബ്ലിക്കന്‍ അംഗങ്ങളുമെന്നാണ് പീറ്റ് ഹെഗ്‌സെത്ത് യുഎസ് കോണ്‍ഗ്രസില്‍ ആരോപിച്ചത്. ക്യാപിറ്റോള്‍ മന്ദിരത്തില്‍ പീറ്റ് ഹെഗ്സെത്തിനെതിരെ പ്രതിഷേധവും നടന്നു.


ഇറാനുമായുള്ള യുദ്ധം അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധിയോ അല്ലെങ്കില്‍ ചതുപ്പില്‍ താഴ്ന്നതുപോലെയുള്ള അവസ്ഥയോ അല്ലെന്നാണ് പീറ്റ് ഹെഗ്സെത്ത് വിശദമാക്കിയത്. ബുധനാഴ്ച ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിയില്‍ നടന്ന ഹിയറിംഗിലാണ് അദ്ദേഹം സര്‍ക്കാരിന്റെ നയങ്ങളെ ന്യായീകരിച്ചത്. യുദ്ധം നീണ്ടുപോകുന്നത് അമേരിക്കയുടെ സൈനിക ശേഷിയെ തളര്‍ത്തുന്ന വിയറ്റ്‌നാം മോഡല്‍ കെണിയായി മാറുമോ എന്ന ജനപ്രതിനിധികളുടെ ആശങ്കകളെ പീറ്റ് ഹെഗ്‌സെത്ത് തള്ളി. ഇറാന്‍ ഭരണകൂടത്തിന്റെ ആണവായുധ മോഹങ്ങളെയും പ്രാദേശിക അസ്ഥിരതയെയും തകര്‍ക്കാന്‍ ഈ സൈനിക നടപടി അത്യന്താപേക്ഷിതമാണെന്ന് ഹെഗ്സെത്ത് വാദിച്ചു. മുന്‍ ഭരണകൂടങ്ങള്‍ ഇറാനോട് മൃദുസമീപനം സ്വീകരിച്ചതാണ് സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളാക്കിയതെന്നും പീറ്റ് ഹെഗ്സെത്ത് ആരോപിച്ചു.

യുദ്ധം എന്നത്തേക്ക് അവസാനിക്കുമെന്നോ അല്ലെങ്കില്‍ ഇതില്‍ നിന്നുള്ള എക്‌സിറ്റ് പ്ലാന്‍ എന്താണെന്നോ വ്യക്തമാക്കാന്‍ ഡെമോക്രാറ്റിക് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും കൃത്യമായ സമയപരിധി നിശ്ചയിക്കാന്‍ പീറ്റ് ഹെഗ്സെത്ത് തയ്യാറായില്ല. എന്നാല്‍ അമേരിക്ക ലക്ഷ്യം കാണുന്നത് വരെ പിന്‍വാങ്ങില്ലെന്നും ഇറാന്റെ ഭീഷണികളെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും പീറ്റ് ഹെഗ്സെത്ത് ആവര്‍ത്തിച്ചു. സൈനിക നടപടി കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അത് അമേരിക്കയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും പീറ്റ് ഹെഗ്സെത്ത് സഭയെ അറിയിച്ചു. അതേസമയം ഇറാന്‍ തീര്‍ത്തും ദുര്ബലമായെന്നാണ് പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസില്‍ വിശദമാക്കിയത്. അമേരിക്കയുടെ ഇറാന്‍ യുദ്ധ ചിലവ് ഇത് വരെ 25 ബില്യന്‍ ഡോളര്‍ ആണെന്നും പെന്റഗണ്‍ വിലയിരുത്തി. 14 യുഎസ് സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നും പെന്റഗണ്‍ വിശദമാക്കി.

Tags