യുദ്ധക്കുറ്റവാളിക്ക് ന്യൂയോർക്കിൽ ഇടമില്ല ; മേയർ സോഹ്റാൻ മംദാനിയെ ഭയന്ന് വിമാനത്തിന്റെ ലാൻഡിംഗ് ന്യൂജേഴ്‌സിയിലേക്ക് മാറ്റി നെതന്യാഹു

Netanyahu

 ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യാൻ യു.എസിലെത്തുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ 'വിങ് ഓഫ് സിയോൺ' ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരം അയൽസംസ്ഥാനമായ ന്യൂജേഴ്സിയിൽ ലാൻഡ് ചെയ്യും. 

ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനിയിൽ നിന്നുള്ള കടുത്ത പ്രതിഷേധവും നിയമപരമായ നടപടികളും ഭയന്നാണ് ഇസ്രായേലി സെക്യൂരിറ്റി വിഭാഗത്തിന്റെ ഈ നിർണായക നീക്കം.വംശഹത്യക്കും യുദ്ധക്കുറ്റങ്ങൾക്കും അന്താരാഷ്ട്ര കുറ്റകൃത്യ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള നെതന്യാഹുവിനെ ന്യൂയോർക്കിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് മേയർ സോഹ്റാൻ മംദാനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 'നെതന്യാഹു ഒരു യുദ്ധക്കുറ്റവാളിയും ഗാസയിലെ ഫലസ്തീൻ ജനതയ്ക്കെതിരെ നടക്കുന്ന ക്രൂരമായ വംശഹത്യയുടെ സൂത്രധാരനുമാണ്. 

അങ്ങനെയൊരാളെ ന്യൂയോർക്കിലേക്ക് സ്വാഗതം ചെയ്യാൻ കഴിയില്ല,' എന്ന് മംദാനി തുറന്നടിച്ചു. അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റ് ഫെഡറൽ സർക്കാർ നടപ്പിലാക്കണമെന്നും ഫലസ്തീൻ ജനതയ്ക്കൊപ്പം നിലകൊള്ളാൻ ന്യൂയോർക്ക് നിവാസികൾക്ക് അവകാശമുണ്ടെന്നും മംദാനി കൂട്ടിച്ചേർത്തു.   മേയറുടെ കർശനമായ നിലപാടും വിമാനം വിമാനത്താവളത്തിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന ആശങ്കയും കാരണമാണ് അവസാന നിമിഷം ജെ.എഫ്.കെ വിമാനത്താവളത്തിലെ ലാൻഡിംഗ് ഇസ്രായേൽ ഒഴിവാക്കിയത്. ന്യൂയോർക്കിൽ തങ്ങുന്നത് പരമാവധി കുറച്ച്, പൊതുസഭാ പ്രസംഗത്തിന് ശേഷം നെതന്യാഹു ഉടനടി മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ലോകവ്യാപകമായി കടുത്ത വിമർശനവും ജനരോഷവും നേരിടുന്ന നെതന്യാഹുവിന്, നയതന്ത്ര തലത്തിൽ നേരിട്ട വൻ തിരിച്ചടിയായാണ് ഈ മാറ്റം വിലയിരുത്തപ്പെടുന്നത്.

Tags