തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു

hajj

 മക്ക : വിശുദ്ധ ഹറമിലെ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുകയും കർമങ്ങൾ സുഗമമായി നിർവഹിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്യുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. മസ്ജിദുൽ ഹറമിലെ പ്രധാന പ്രദക്ഷിണ മേഖലയായ മത്‌വാഫ് നിലവിൽ ഉംറ തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. തീർത്ഥാടകർ എല്ലാവരും അധികൃതർ നിശ്ചയിച്ചിട്ടുള്ള പ്രത്യേക പാതകൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. മത്‌വാഫ് മേഖലയിലെ തിരക്ക് കുറയ്ക്കുകയും തീർത്ഥാടകർക്ക് ശാന്തമായി കർമങ്ങൾ നിർവഹിക്കാനുമാണ് ഈ ക്രമീകരണത്തിന്റെ ലക്ഷ്യം. താഴത്തെ നിലയിലെ തിരക്ക് ഒഴിവാക്കുന്നതിനായി മുകളിലെ നിലകളിലും ത്വവാഫ് നിർവഹിക്കാൻ സൗകര്യമുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. നിശ്ചിത പാതകളിലൂടെ സഞ്ചരിക്കുന്നത് തീർത്ഥാടകരുടെ പോക്കുവരവ് കൂടുതൽ ക്രമീകരിക്കാനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ത്വവാഫ് ചെയ്യുമ്പോൾ ഹജ്‌റുൽ അസ്വദിനടുത്ത് നിന്ന് തന്നെ പ്രദക്ഷിണം ആരംഭിക്കണമെന്നും മറ്റു തീർത്ഥാടകർക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിൽ നിൽക്കുകയോ പ്രവാഹത്തിന് വിരുദ്ധമായി സഞ്ചരിക്കുകയോ ചെയ്യരുതെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നു. ഹറമിലെ മത്വാഫ്, സഫ-മർവ (മസ്അ) എന്നിവിടങ്ങളിലെ ജനസാന്ദ്രത തൽസമയം അറിയാൻ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അഭ്യർഥിച്ചു. കൂടാതെ തീർത്ഥാടകർക്ക് പുറത്തിറക്കിയ 'ഉംറ ആൻഡ് വിസിറ്റ് ഗൈഡ്' മുഴുവനും വായിച്ചു മനസ്സിലാക്കുന്നത് സുരക്ഷിതവും ക്രമബദ്ധവുമായ തീർത്ഥാടനം ഉറപ്പാക്കാനും സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags