ഇറാനിലെ ഭരണകൂടം തകര്‍ച്ചയുടെ വക്കിലെന്ന് നെതന്യാഹു
ദക്ഷിണ സിറിയയിലെ ഇസ്രയേലി സൈനികരെ സന്ദര്‍ശിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പശ്ചിമേഷ്യന്‍ യുദ്ധം ആറു മാസം പിന്നിട്ട് കൂടുതല്‍ ശക്തമാകുന്നതിനിടെ, ഇറാനിലെ ഭരണകൂടം തകര്‍ച്ചയുടെ വക്കിലാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ദക്ഷിണ സിറിയയിലെ ഇസ്രയേലി സൈനികരെ സന്ദര്‍ശിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും ഇവിടം സന്ദര്‍ശിച്ചത്.
ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഇറാനിലെ ഭീകര ഭരണകൂടത്തെ താഴെയിറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. ലക്ഷ്യത്തിന്റെ വളരെ അടുത്തെത്തിക്കഴിഞ്ഞുവെന്നും ഇറാന്റെ പിന്തുണയുള്ള മുഴുവന്‍ സഖ്യവും വൈകാതെ തകരുമെന്നും നെതന്യാഹു അവകാശപ്പെട്ടു. 2024 ഡിസംബറില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടം തകര്‍ന്നതു മുതല്‍ ദക്ഷിണ സിറിയയിലെ ഒരു പ്രത്യേക സുരക്ഷാ മേഖലയില്‍ ഇസ്രയേല്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. 1974 മുതല്‍ ഇസ്രയേല്‍ അധിനിവേശ ഗോലാന്‍ കുന്നുകളില്‍ ഇരു രാജ്യങ്ങളുടെയും സൈന്യത്തെ വേര്‍തിരിച്ചിരുന്ന, ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തിലായിരുന്ന ബഫര്‍ സോണ്‍ നിലവില്‍ ഇസ്രയേലിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്.
തങ്ങളുടെ അതിര്‍ത്തിയില്‍ ഏതെങ്കിലും തരത്തിലുള്ള ഭീകര സൈന്യങ്ങള്‍ക്ക് താവളമടിക്കാന്‍ അനുവാദം നല്‍കില്ലെന്ന് നെതന്യാഹു ആവര്‍ത്തിച്ചു.
.jpg)

