യുകെയെ 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടണ്‍' എന്ന് വിശേഷിപ്പിച്ച് നെതന്യാഹൂ
ആണവായുധങ്ങളുള്ള ആദ്യത്തെ ഇസ്ലാമിക രാജ്യം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍ ആയിരിക്കുമെന്ന് ആരോ പറഞ്ഞത് നിങ്ങള്‍ക്കറിയാമല്ലോ എന്നാണ് നെതന്യാഹുവിന്റെ മറുപടി.
യുകെയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുകെയെ 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടണ്‍' എന്ന് വിശേഷിപ്പിച്ച നെതന്യാഹു, ആണവായുധമുള്ള ആദ്യ ഇസ്ലാമിക രാജ്യമാകാന്‍ യുകെയ്ക്ക് പ്രാപ്തിയുണ്ടെന്നും പറഞ്ഞു. ഇസ്രായേലിനോടുള്ള സമീപനത്തില്‍ മാറ്റമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇസ്രായേലിലെ ആര്‍മി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ റാന്‍ഡോള്‍ഫ് ചര്‍ച്ചില്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്രായേലിനെക്കുറിച്ച് നല്ല രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയതിനെ നെതന്യാഹു അഭിനന്ദിച്ചു. എന്നാല്‍ ഇന്നത്തെ ബ്രിട്ടനിലെ അവസ്ഥ ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഇന്നത്തെ ബ്രിട്ടനില്‍ നിങ്ങള്‍ക്കിത് കാണാന്‍ കഴിയില്ല, അതിനെ ഇപ്പോള്‍ 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍' എന്നാണ് വിളിക്കുന്നത്'- നെതന്യാഹു കുറ്റപ്പെടുത്തി.
ബ്രിട്ടനെ മാത്രം ഇങ്ങനെ കുറ്റപ്പെടുത്തുന്നത് നീതിയല്ലെന്നും യൂറോപ്പ് മുഴുവന്‍ ഇപ്പോള്‍ ഇങ്ങനെ തന്നെയല്ലേ എന്നും അവതാരകന്‍ ചോദിച്ചപ്പോള്‍, അതെ, പക്ഷേ ആണവായുധങ്ങളുള്ള ആദ്യത്തെ ഇസ്ലാമിക രാജ്യം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍ ആയിരിക്കുമെന്ന് ആരോ പറഞ്ഞത് നിങ്ങള്‍ക്കറിയാമല്ലോ എന്നാണ് നെതന്യാഹുവിന്റെ മറുപടി.
ഗാസ യുദ്ധവുമായി ബന്ധപ്പെട്ടാണ് ബ്രിട്ടണും ഇസ്രായേലിനും ഇടയിലുള്ള ബന്ധം വഷളാകുന്നത്. യുകെ പ്രധാനമന്ത്രിയാകുന്നതിന് തൊട്ടുമുമ്പ്, ആന്‍ഡി ബേണ്‍ഹാം ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടിയോടുള്ള ലേബര്‍ പാര്‍ട്ടിയുടെ ആദ്യകാല പ്രതികരണത്തില്‍ ക്ഷമ ചോദിച്ചിരുന്നു. തന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ തെറ്റ് പറ്റി എന്നും ഇനി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നുമായിരുന്നു പ്രതികരണം.
ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യുഎസ് പിന്തുണയുള്ള പദ്ധതിയെ നെതന്യാഹു തള്ളിക്കളയുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. ഹമാസിന്റെ നിരായുധീകരണം പൂര്‍ത്തിയാകുന്നതുവരെ ഗാസയില്‍നിന്ന് ഇസ്രായേല്‍ പിന്മാറില്ലെന്നും നെതന്യാഹു പറഞ്ഞു
.jpg)

