നേപ്പാള്‍ പ്രളയ ദുരന്തം: മരണസംഖ്യ 600 കടന്നു, 1924 പേരെ കാണാനില്ല, ഇന്ത്യന്‍ തിരച്ചില്‍ സംഘവും ദുരന്ത ഭൂമിയില്‍
യൂറോപ്യന്‍ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
നേപ്പാള്‍ മിന്നല്‍ പ്രളയ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ജലവൈദ്യുത പദ്ധതികളില്‍ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. 320 ഇന്ത്യക്കാരും വിദേശ പൗരത്വമുള്ള നൂറിലധികം ഇന്ത്യന്‍ വംശജരും കാണാതായവരില്‍ ഉള്‍പ്പെടുന്നു.
അതേസമയം, തുരങ്കങ്ങളില്‍ തിരച്ചില്‍ നടത്താന്‍ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയില്‍ നിന്ന് നേപ്പാളിലെത്തി. യൂറോപ്യന്‍ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ടിബറ്റില്‍ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തില്‍ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് പട്ടികയില്‍ കൂടുതലും.
അതേസമയം, പ്രളയത്തില്‍ 320 ഇന്ത്യക്കാരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനൊപ്പം 100 ഇന്ത്യന്‍ വംശജരെക്കുറിച്ചും 8 മലയാളികളെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നേപ്പാളില്‍ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിബറ്റന്‍ മേഖലയില്‍ കുടുങ്ങിയ 96 ഇന്ത്യക്കാര്‍ സുരക്ഷിതരായി നേപ്പാള്‍ ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ കൂടാതെ ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
.jpg)

