മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി


ധാക്ക: ബംഗ്ലാദേശ് ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശൈഖ് ഹസീനയുടെ പതനത്തിനു ശേഷം ആദ്യമായാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ബിംസ്റ്റെക് ഉച്ചകോടിക്കായി തായ്‌ലൻഡിലേക്ക് പോയ വേളയിലാണ് മോദി മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴ്ച രാത്രി ബിംസ്റ്റെക് നേതാക്കളുടെ അത്താഴ വിരുന്നിലും ഇരുവരും അടുത്തടുത്തായിരുന്നു ഇരുന്നത്.
വടക്കുകിഴക്കൻ ഇന്ത്യ കരയാൽ ചുറ്റപ്പെട്ടതാണ് എന്നും ധാക്ക ഈ മുഴുവൻ പ്രദേശത്തിനും സമുദ്രത്തിന്റെ ഏക സംരക്ഷകനാണെന്നുമുള്ള യൂനുസിന്റെ പ്രസ്താവന വിവാദം സൃഷ്ടിച്ച സമയത്താണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയം.
ശൈഖ് ഹസീനയെ അധികാരഭ്രഷ്ടയാക്കിയതിനു ശേഷം അധികാരമേറ്റതിന് പിന്നാലെ മോദി യൂനുസിന് അഭിനന്ദന സന്ദേശം അയച്ചിരുന്നു. അതൊഴിച്ചു നിർത്തിയാൽ അതിനു ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നിശ്ചലമായിരുന്നു. ജനരോഷത്തിന് പിന്നാലെ പ്രധാനമന്ത്രിപദം രാജിവെക്കേണ്ടി വന്ന ശൈഖ് ഹസീനക്ക് ഇന്ത്യയാണ് അഭയം നൽകുന്നത്. ഹസീനയെ വിട്ടുകിട്ടാൻ പലതവണ ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടും ഇന്ത്യ അതിന് അനുകൂലമായി പ്രതികരിച്ചിരുന്നില്ല.
