നെപ്പോളിയന്‍ ബോണപാര്‍ട്ടിന്‍റെ തൊപ്പി പാരീസിൽ ലേലത്തിൽ പോയത് 17 കോടി രൂപക്ക്

ഫ്രഞ്ച് സാമ്രാജ്യം ഭരിച്ച നെപ്പോളിയൻ ബോണപാർട്ടിന്‍റെ തൊപ്പി പാരീസിൽ ലേലത്തിൽ പോയത് 17 കോടി രൂപക്ക്. അഞ്ച് മുതൽ ഏഴ് കോടി വരെയായിരുന്നു പ്രതീക്ഷിച്ചിരുന്ന തുകയെന്ന് ബികോർൺ ബ്ലാക്ക് ബീവർ എന്ന ലേല സ്ഥാപനം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മരിച്ച വ്യവസായിയുടെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന തൊപ്പിയാണ് ഇപ്പോള്‍ ലേലത്തിനായി കൊണ്ടുവന്നത്. ഇത് 'എന്‍ ബാറ്റയില്‍' എന്നാണ് അറിയപ്പെടുന്നത്.
ഒരു വശത്തേക്ക് മടക്കിവെക്കാന്‍ സാധിക്കുന്നതരത്തിലാണ് തൊപ്പിയുടെ ഡിസൈന്‍. അധികാരത്തിലിരുന്ന കാലത്ത് 120 ഓളം ബൈകോര്‍ണ്‍ തൊപ്പികളാണ് നെപ്പോളിയനുണ്ടായിരുന്നത്. ഇതില്‍ 20 തൊപ്പികളാണ് അവശേഷിക്കുന്നത്. പലതും സ്വകാര്യ ശേഖരങ്ങളിലാണ് ഇന്നുള്ളത്.
ആളുകൾ ഈ തൊപ്പി കണ്ടാണ് നെപ്പോളിയന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നത്. 1815-ൽ വാട്ടർലൂവിലെ തോൽവിക്ക് ശേഷം നെപ്പോളിയന്‍റെ വണ്ടിയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട വെള്ളിത്തളികയും റേസറുകൾ, വെള്ളി ടൂത്ത് ബ്രഷ്, കത്രിക, മറ്റ് സാധനങ്ങൾ എന്നിവയും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒരു തടി വാനിറ്റി കേസും ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.