2008ലെ മുംബൈ ഭീകരാക്രമണം ; തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാൻ യു.എസ് കോടതിയുടെ അനുമതി
May 18, 2023, 21:23 IST

വാഷിങ്ടൺ ഡി.സി : 2008ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന പാക് വംശജനായ കനേഡിയൻ ബിസിനസുകാരൻ തഹാവൂർ റാണയെ കൈമാറാൻ യു.എസ് കോടതി അനുമതി നൽകി. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം തഹാവൂർ റാണയെ കൈമാറണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്.
സുഹൃത്തായ യു.എസ് പൗരൻ ഡേവിഡ് ഹെഡ്‌ലിയുമൊത്ത് പാക്ക് ഭീകര സംഘടനകൾക്കായി മുംബൈ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ അന്വേഷണം നേരിടുന്നത്. ഭീകരസംഘടനയായ ലശ്കറെ ത്വയ്യിബക്ക് സഹായം ചെയ്തെന്ന കുറ്റത്തിന് 2011ൽ യു.എസ് കോടതി റാണയെ ശിക്ഷിച്ചിരുന്നു.
റാണയെ വിട്ടുകിട്ടിയാൽ മുംബൈ ഭീകരാക്രമണത്തിൽ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പങ്ക് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.