ഓസ്‌ട്രേലിയയില്‍ നിരോധിച്ചിട്ടും 16 വയസ്സിന് താഴെയുള്ളവരില്‍ 85 ശതമാനത്തിലധികം കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു
നിരോധനത്തിന് ശേഷം സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ചെറിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്.
16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച ഓസ്ട്രേലിയന്‍ നിയമം പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്ന് പുതിയ പഠനം. നിരോധനം പ്രാബല്യത്തില്‍ വന്നതിന് മൂന്ന് മാസങ്ങള്‍ക്കിപ്പുറം പോലും 16 വയസ്സിന് താഴെയുള്ളവരില്‍ 85 ശതമാനത്തിലധികം പേര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.
ഓസ്ട്രേലിയയാണ് കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയ ലോകത്തിലെ ആദ്യ രാജ്യം. 2025 ഡിസംബര്‍ മുതല്‍ 16 വയസ്സിന് താഴെയുള്ളവര്‍ക്ക് ടിക്ക് ടോക്ക്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, സ്നാപ്പ് ചാറ്റ്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് നിയമപരമായി നിരോധിച്ചിരുന്നു.എന്നാല്‍ യൂണിവേഴ്സിറ്റി ഓഫ് ന്യൂ കാസില്‍ നടത്തിയ പഠനത്തില്‍ 12 മുതല്‍ 17 വയസ്സുവരെയുള്ള 408 കൗമാരക്കാരെ നിരീക്ഷിച്ചപ്പോള്‍ നിയമത്തിന്റെ നടപ്പാക്കലില്‍ കാര്യമായ പോരായ്മകള്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. പ്രായം സ്ഥിരീകരിക്കുന്ന സംവിധാനങ്ങള്‍ ഫലപ്രദമല്ലാത്തതും, നിലവിലുള്ള അക്കൗണ്ടുകള്‍ തുടരാന്‍ കുട്ടികള്‍ക്ക് സാധിച്ചതുമാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
പഠനമനുസരിച്ച്, നിരോധനത്തിന് ശേഷം സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ചെറിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. അതേസമയം, പകുതിയിലധികം കുട്ടികളും സ്വന്തം അക്കൗണ്ടുകള്‍ ഉപയോഗിച്ച് തന്നെ പ്ലാറ്റ്‌ഫോമുകളില്‍ തുടരുന്നതായും കണ്ടെത്തി.
ഈ കണ്ടെത്തല്‍ മറ്റ് രാജ്യങ്ങള്‍ക്കും മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
.jpg)

