ഫ്രാന്‍സിനെ വലച്ച് വിദ്യാര്‍ത്ഥി പ്രതിഷേധം, 2000ലേറെ സ്‌കൂളുകള്‍ അടച്ചിട്ടു
സമരത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം കനക്കുന്നു. 25ലധികം സ്‌കൂളുകള്‍ക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു. 2000ലേറെ സ്‌കൂളുകള്‍ അടച്ചിട്ടു. സര്‍വകലാശാലകളിലും ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ക്ലാസ് മുറികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അധ്യാപകരുടെ ഒഴിവുകള്‍ നികത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധം പാരീസ് അടക്കം 30ഓളം നഗരങ്ങളിലാണ് നടക്കുന്നത്. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ നേരിടാന്‍ ഫ്രാന്‍സ് ബദ്ധപ്പെടുകയാണ്. പാരീസിന്റെ വടക്കന്‍ പ്രാന്തപ്രദേശത്തുള്ള ഒരു ഹൈസ്‌കൂളില്‍ സമരം ചെയ്ത അധ്യാപകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തുടങ്ങിയ ഒരു ചെറിയ പ്രതിഷേധമാണ് പിന്നീട് രാജ്യമൊട്ടാകെ വ്യാപിച്ച വലിയൊരു പ്രതിസന്ധിയായി മാറിയിട്ടുള്ളത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാവുകയും ആറായിരത്തിലധികം ആളുകളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും മുന്‍പ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകാത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്.
സമരത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ നഗരമായ ലെന്‍സില്‍ ഒരു വിദ്യാര്‍ത്ഥി ഗ്രനേഡ് എടുത്തതിനെത്തുടര്‍ന്ന് കൈ നഷ്ടപ്പെടുകയും, ടൂര്‍സില്‍ മറ്റൊരു വിദ്യാര്‍ത്ഥിക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ചൊവ്വാഴ്ച വിദ്യാര്‍ത്ഥികളും അധ്യാപകരും ട്രേഡ് യൂണിയന്‍ പ്രതിനിധികളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയതെന്ന് അധികൃതര്‍ കണക്കാക്കുന്നു. പാരീസില്‍ കലാപവിരുദ്ധ പോലീസുകാരും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കണ്ണീര്‍വാതക പ്രയോഗം നടന്നിരുന്നു. പ്രതിഷേധത്തിനിടെ ചവറ്റുകുട്ടകളും സ്‌കൂളിലെ മേശകളും കസേരകളും തീയിടുകയും ചെയ്തു.
സെപ്റ്റംബര്‍ 21ന് പാരീസിലെ ഒരു പ്രാന്തപ്രദേശത്തുള്ള സെന്റ് എക്‌സുപെറി ഹൈസ്‌കൂളില്‍ ആരംഭിച്ച ആദ്യകാല പ്രതിഷേധത്തിന് തുടക്കത്തില്‍ വലിയ ശ്രദ്ധയൊന്നും ലഭിച്ചിരുന്നില്ല. ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ നടത്തിയ സമരത്തില്‍ വിദ്യാര്‍ത്ഥികളും പങ്കുചേരുകയായിരുന്നു. എന്നാല്‍ അധികൃതര്‍ അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും സ്‌കൂളിലേക്ക് അധിക ജീവനക്കാരെ അയക്കുകയും ചെയ്തതോടെ അവിടുത്തെ പണിമുടക്ക് അവസാനിച്ചെങ്കിലും, അപ്പോഴേക്കും പ്രതിഷേധത്തിന്റെ തീപ്പൊരി പടര്‍ന്നു കഴിഞ്ഞിരുന്നു. വിദ്യാര്‍ത്ഥി നേതാവായ മാനെസ് നാഡെല്‍ പറഞ്ഞതനുസരിച്ച്, ഈ പ്രക്ഷോഭം കാട്ടുതീ പോലെയാണ് പടര്‍ന്നുപിടിച്ചത്. മുന്‍പൊരിക്കലും ഇത്രയധികം സ്‌കൂളുകള്‍ ഒരേസമയം ഇത്തരമൊരു സമരത്തില്‍ പങ്കാളികളായിട്ടില്ലെന്നും ഫ്രാന്‍സിന്റെ വിദ്യാഭ്യാസ മന്ത്രാലയം ഈ പ്രതിസന്ധിക്ക് മുന്നില്‍ പൂര്‍ണ്ണമായും പകച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)


