മോഹൻജൊ ദാരോയിൽ നിന്ന് ചെമ്പ് നാണയങ്ങളുടെ പാത്രം കണ്ടെത്തി

google news
coopper

പാകിസ്ഥാനിലെ സിന്ധിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാനമായ മോഹൻജൊദാരോയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ചെമ്പ് നാണയങ്ങൾ നിറച്ച പാത്രം കണ്ടെത്തി. ബുദ്ധക്ഷേത്രമായി സ്ഥാപിച്ചിരിക്കുന്ന താഴികക്കുടത്തിന്‍റെ ആകൃതിയിലുള്ള സ്തൂപത്തില്‍ നിന്നാണ് ചെമ്പ് നാണയങ്ങള്‍ നിറച്ച മണ്‍കുടം ലഭിച്ചതെന്ന് ഗവേഷണ സംഘം അറിയിച്ചു.

5000 വർഷം പഴക്കമുള്ള നഗര അവശിഷ്ടങ്ങളിൽ നിന്ന് 93 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുപ്രധാനമായ പുരാവസ്തു കണ്ടെത്തല്‍ ഉണ്ടാകുന്നത്. നാണയങ്ങള്‍ക്ക് അഞ്ചര കിലോ ഭാരമുണ്ടെന്ന് കണക്കാക്കി. 1930 ല്‍ ഇവിടെ നിന്ന് 4,348 ചെമ്പ് നാണയങ്ങള്‍ ലഭിച്ചിരുന്നുവെന്ന് ഗവേഷണ സംഘാംഗമായ ഷെയ്ഖ് ജാവേദ് സിന്ധി പറഞ്ഞു.

പുതുതായി ലഭിച്ച നാണയങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരും. ആദ്യം ലഭിച്ച നാണയങ്ങള്‍ കുശാന രാജവംശത്തിന്‍റെതായിരുന്നു. കുശാന രാജവംശവുമായി പ്രദേശത്തിന് വ്യാപാരം, നയതന്ത്രം, സാംസ്കാരിക വിനിമയം തുടങ്ങിയ ബന്ധം ഉണ്ടായിരുന്നുവെന്നതിന് തെളിവാണ് ചെമ്പ് നാണയങ്ങള്‍. കുശാന ഭരണാധികാരി വാസുദേവ ഒന്നാമന്‍റെ കാലത്ത് നിര്‍മ്മിച്ച നാണയങ്ങളാണ് ആദ്യ ഘട്ടത്തില്‍ ലഭിച്ചിരുന്നത്.

Tags