ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ മിസൈലാക്രമണം ; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ


ന്യൂഡൽഹി: ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. ഡൽഹിയിൽ നിന്ന് ഇന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. മെയ് ആറ് വരെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് എയർ ഇന്ത്യ അറിയിച്ചു.
ഡൽഹിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ139 വിമാനം ടെൽ അവീവിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് മിസൈൽ ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് ജോർദാന്റെ ആകാശ പരിധിയിൽ നിന്നാണ് വിമാനം തിരിച്ച് പറന്നത്. യെമനിൽ നിന്ന് ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ പതിച്ചിരുന്നു. മിസൈലാക്രമണത്തിൽ ആറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം.
