ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്കു നേരെ പ്രത്യാക്രമണം നടത്തി ഇറാൻ
തെഹ്‌റാൻ: യു.എസ് ആക്രമണങ്ങൾക്കു പിന്നാലെ ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്കു നേരെ പ്രത്യാക്രമണം നടത്തി ഇറാൻ. മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ തങ്ങളുടെ ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണെന്ന് ഇറാൻ സൈന്യം ഔദ്യോഗികമായി അറിയിച്ചു. ഇതിനു പിന്നാലെ ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ക്രൂഡ് ഓയിലിന് നാലു ശതമാനത്തിൽ അധികം വർധനവാണ് രേഖപ്പെടുത്തിയത്. ബ്രന്റ് ക്രൂഡ് ഓയിലിന് രാവിലെ 7.30ലെ നിലവാരമനുസരിച്ച് 4.28 ശതമാനം വർധിച്ച് 79.26 ഡേളറിലെത്തി.
കുവൈത്തിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ‘വിനാശകരമായ ഡ്രോൺ’ ആക്രമണം നടത്തിയതായും ഇറാൻ സൈന്യം വെളിപ്പെടുത്തി. യു.എസ് പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ താവളങ്ങൾ, ബങ്കറുകൾ, സുരക്ഷാ ഷെൽട്ടറുകൾ എന്നിവയാണ് ആക്രമണത്തിൽ തകർത്തതെന്ന് ഐ.ആർ.എൻ.എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിലെ ബന്ദർ അബ്ബാസ്, സിറിക്, ജാസ്ക് എന്നീ നഗരങ്ങളിലും ഖഷം ദ്വീപിലും യു.എസ് ആക്രമണം നടത്തിയിരുന്നു.
ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കും സാധാരണക്കാരുടെ ഇടങ്ങൾക്കും നേരെ യു.എസ് തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ നഗ്നമായ ലംഘനമാണെന്ന് സൈന്യം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശിക അഖണ്ഡതയും സംരക്ഷിക്കാൻ ഏത് സാഹചര്യത്തിലും ശക്തമായ തിരിച്ചടി നൽകുമെന്ന് സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകി.
നേരത്തെ, കുവൈത്തിലെ അലി സലേം, അഹമ്മദ് അൽ-ജാബർ എന്നീ വ്യോമതാവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാനിയൻ റവല്യൂഷനറി ഗാർഡ് കോർപ്‌സ് അവകാശപ്പെട്ടിരുന്നു.
ഇറാനിൽ യു.എസ്.ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് യു.എസ് സൈനിക താവളങ്ങൾക്ക് നേരെയുള്ള ഇറാന്റെ തിരിച്ചടി കനപ്പിച്ചത്. യുഎസ് നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാനിലെ ബന്ദർ അബ്ബാസ്, സിരിക്, ജാസ്ക് എന്നീ തുറമുഖ നഗരങ്ങളിലും ഖഷം ദ്വീപിലും സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
.jpg)

