മ്യാന്‍മറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു
നൂറിലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. സായുധ ഗോത്ര സംഘങ്ങള്‍ക്ക് നേരെ മ്യാന്‍മര്‍ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്.
മ്യാന്‍മറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 20 ലധികം പേര്‍ക്ക് പരിക്കേറ്റു. മ്യാന്‍മര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് മരണം സംഭവിച്ചത്. മ്യാന്‍മറിലെ മധ്യ സഗൈംഗ് മേഖലയിലാണ് വ്യോമാക്രമണമുണ്ടായത്. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പില്‍ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. സായുധ ഗോത്ര സംഘങ്ങള്‍ക്ക് നേരെ മ്യാന്‍മര്‍ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്.
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ മ്യാംഗ് ടൗണ്‍ഷിപ്പിലെ സ്വെലെയോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ബുദ്ധവിഹാര വളപ്പിലേക്ക് യുദ്ധവിമാനം ബോംബെറിയുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് നവേ ഓ വ്യക്തമാക്കി. 15 മിനിറ്റിന്റെ വ്യത്യാസത്തില്‍ രണ്ട് ബോംബുകളാണ് വിമാനം വര്‍ഷിച്ചതെന്ന് പ്രദേശവാസി വെളിപ്പെടുത്തി. നൂറിലധികം ആളുകള്‍ പങ്കെടുത്ത ഏഴു ദിവസം നീളുന്ന ധ്യാന പരിപാടിക്കിടെയായിരുന്നു ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ച ശേഷം ഗ്രാമീണര്‍ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു.
മ്യാന്‍മര്‍ സൈന്യം വീടുകള്‍, സ്‌കൂളുകള്‍, അഭയാര്‍ത്ഥി ക്യാമ്പുകള്‍ എന്നിവ ലക്ഷ്യമിട്ട് ബോധപൂര്‍വം വ്യോമാക്രമണങ്ങളും പീഡനങ്ങളും നടത്തുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി നിയമിച്ച അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഐ.ഐ.എം.എം ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. വ്യോമാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ആക്രമണങ്ങള്‍ക്കുള്ള ഉത്തരവുകള്‍ നല്‍കുന്ന സൈനിക കമാന്‍ഡ് ഘടനയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സമിതി തലവന്‍ നിക്കോളാസ് കൂംജിയന്‍ പറഞ്ഞു. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള ആക്രമണങ്ങളുടെ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)

