അമേരിക്കയുമായി കരാറിലെത്താനായില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് തള്ളികളയുന്ന രീതിയില്‍ സൈനിക നടപടിയുണ്ടാകും ; വെല്ലുവിളിയുമായി ട്രംപ്
ഉടമ്പടി ഉണ്ടായില്ലെങ്കില്‍ ഇറാന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന രീതിയില്‍ വൈദ്യുതി ഗ്രിഡുകള്‍ തകര്‍ക്കുമെന്നും ട്രംപ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ഇറാനില്‍ നിന്ന് പിന്മാറുമെന്ന സൂചനകള്‍ക്കിടയിലും ഭീഷണി തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുമായി ധാരണയിലെത്താന്‍ തയ്യാറായില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് തള്ളിക്കളയുമെന്നാണ് ട്രംപിന്റെ അതീവ ഗുരുതര മുന്നറിയിപ്പ്. ഒരു കരാറിലെത്താന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ ഇറാന്റെ എല്ലാ വൈദ്യുതി ഉല്‍പ്പാദന നിലയങ്ങളെയും ഒരേസമയം അതിശക്തമായി ആക്രമിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അടുത്ത രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ ഇറാനെ ശിലായുഗത്തിലേക്ക് തള്ളിക്കളയുന്ന രീതിയിലുള്ള സൈനിക നടപടികള്‍ ഉണ്ടാകുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇറാന്റെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ഏറ്റവും എളുപ്പമുള്ള ലക്ഷ്യങ്ങളാണെങ്കിലും അവയെ ഇതുവരെ സ്പര്‍ശിച്ചിട്ടില്ലെന്നും, എന്നാല്‍ ഉടമ്പടി ഉണ്ടായില്ലെങ്കില്‍ ഇറാന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന രീതിയില്‍ വൈദ്യുതി ഗ്രിഡുകള്‍ തകര്‍ക്കുമെന്നും ട്രംപ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പത്തുദിവസത്തിനുള്ളില്‍ ഇറാന്റെ എല്ലാ നാവിക സേനാ ശേഷിയും തകര്‍ത്തതായും അമേരിക്കന്‍ സൈന്യത്തെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ട്രംപ് അവകാശപ്പെടുന്നത്.
ഇറാന്റെ സൈനിക ശേഷി ഭൂരിഭാഗവും തകര്‍ക്കപ്പെട്ടുവെന്നും നാവികസേന ഇല്ലാതായെന്നുമാണ് ട്രംപിന്റെ വാദം. വ്യോമസേന 'തകര്‍ന്നടിഞ്ഞെന്നും നേതൃത്വത്തിന്റെ വലിയൊരു ഭാഗത്തെ ഇല്ലാതാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ മിസൈല്‍ വിക്ഷേപണ ശേഷി ഗണ്യമായി കുറച്ചതായും, പ്രതിരോധ ഫാക്ടറികളും അടിസ്ഥാന സൗകര്യങ്ങളും മിക്കവാറും നശിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാനെ ഒരിക്കലും ആണവായുധങ്ങളുടെ കാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനോട് അമേരിക്ക വളരെ അടുത്തെത്തിയെന്നും ട്രംപ് വ്യക്തമാക്കി
.jpg)


