യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ
യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ. രാജ്യത്ത് ഭീകരാക്രമണം ഉള്‍പ്പെടെ നടത്താന്‍ പ്രതികള്‍ പദ്ധയിട്ടിരുന്നതായി സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി പറയുന്നു. രാജ്യത്തെ യുവാക്കളെ തീവ്രവാദ ചിന്താഗതിയിലേക്ക് എത്തിക്കുന്നതിനായി രഹസ്യ യോഗങ്ങളും സംഘം നടത്തിയിരുന്നു. പ്രതികള്‍ക്കെതിരായ നിയമ നടപടി തുടരുന്നതായി അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി രഹസ്യ പ്രവര്‍ത്തനം നടത്തി വരുന്നതിനിടയിലാണ് ഭീകര സംഘം പിടിയിലായത്. പ്രതികള്‍ രാജ്യത്തിനുള്ളില്‍ ഏകോപിതമായ ഭീകരാക്രമണങ്ങള്‍ക്കും പദ്ധതിയിട്ടിരുന്നതായി സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. ഇറാന്റെ ഭരണഘടനയുടെ അടിസ്ഥാനമായ വിലായത്ത് അല്‍ ഫഖീഹ് ആശയവുമായി ബന്ധപ്പെട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
രഹസ്യയോഗങ്ങള്‍ സംഘടിപ്പിച്ച് യുവാക്കളെ ആകര്‍ഷിക്കുകയും അവരെ തീവ്രവാദ ചിന്താഗതിയിലേക്ക് വഴിതെളിക്കാനും സംഘം ശ്രമിച്ചു. യുവ എമിറാത്തികള്‍ക്കിടയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും വിദേശ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രനമിച്ചതായും അധികൃതര്‍ വ്യക്തമാക്കി. വിദേശ സംഘടനകളുമായി സഹകരിച്ച് രാജ്യത്തെ സുപ്രധാന മേഖലകളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തിനകത്തും പുറത്തുമായി സംശയാസ്പദ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരുമായും പ്രതികള്‍ രഹസ്യമായി കൂടിക്കാഴ്ച നടത്തി. ഇതിന് പുറമെ അനധികൃതമായി പണം സമാഹരിച്ച് വിദേശ സംഘടനകളിലേക്ക് അയക്കുകയും ചെയ്തു. രാജ്യത്തിന്റെ ഐക്യവും സാമൂഹിക സ്ഥിരതയും തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്നതടക്കമുളള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവര്‍ക്ക് എതിരായ നിയമ നടപടികള്‍ തുടരുന്നതായി സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം അറിയിക്കണമെന്നും സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
.jpg)

