ലോസ് ഏഞ്ചൽസ് പ്രക്ഷോഭത്തിനിടെ വൻ കവർച്ച ; ആപ്പിൾ സ്റ്റോറിലെ ഷെൽഫുകളെല്ലാം കാലിയാക്കി മോഷ്ട്ടാക്കൾ


യുഎസിലെ ലോസ് ഏഞ്ചൽസ് ഡൗൺടൗണിൽ കുടിയേറ്റ റെയ്ഡുകൾക്കെതിരെയുള്ള പ്രക്ഷോഭത്തിനിടെ മുഖംമൂടി ധരിച്ചെത്തിയവർ ഒരു ആപ്പിൾ സ്റ്റോറിലും മറ്റ് നിരവധി കടകളിലും അതിക്രമിച്ച് കടന്ന് മോഷണം നടത്തി. അക്രമം പൊട്ടിപ്പുറപ്പെടുകയും കടകൾ നശിപ്പിക്കപ്പെടുകയും ചെയ്തതോടെ പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രംപ് ഭരണകൂടം വെള്ളിയാഴ്ച കുടിയേറ്റ റെയ്ഡുകൾ ആരംഭിച്ചതിന് ശേഷം ദിവസങ്ങളായി നഗരം വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്.
tRootC1469263">ഇതിനിടെയാണ് മുഖംമൂടി ധരിച്ച ഒരു സംഘം ജനൽ തകർത്ത് ഒരു ആപ്പിൾ സ്റ്റോറിലേക്ക് ഇരച്ചുകയറി ഉൽപ്പന്നങ്ങൾ മോഷ്ടിച്ചത്. അവർ കെട്ടിടത്തിൽ ചുവരെഴുത്തുകളും നടത്തി. ഓൺലൈനിൽ പങ്കുവെച്ച വീഡിയോകളിൽ അഡിഡാസ് സ്റ്റോറുകൾ, ഫാർമസികൾ, മരിജുവാന ഡിസ്പെൻസറികൾ, ആഭരണക്കടകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് കടകളും നശിപ്പിക്കപ്പെട്ടതായി കാണാം. ഈ കടകളിലെ ഷെൽഫുകൾ പൂർണ്ണമായും ഒഴിഞ്ഞ നിലയിലായിരുന്നു.

ആപ്പിൾ സ്റ്റോറിൽ നടന്ന കവർച്ചയുടെ സ്ഥലത്തുനിന്ന് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തുവെന്ന് ലോസ് ഏഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്‌മെൻറിലെ ഓഫീസർ ക്രിസ് മില്ലർ പറഞ്ഞു. കൂടാതെ മറ്റ് രണ്ട് പേർ കൂടി പിടിയിലായിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ കൃത്യമായ എണ്ണം അധികൃതർ പുറത്തുവിട്ടിട്ടില്ല.
വാരാന്ത്യത്തിൽ, കലാപത്തിനിടെ പൊലീസ് ഇതിനകം 50-ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസുകാർക്കെതിരെ പെട്രോൾ ബോംബ് ഉപയോഗിക്കാൻ ശ്രമിച്ച ഒരാളും ഇതിൽ ഉൾപ്പെടുന്നു. അക്രമങ്ങൾ കാരണം ലോസ് ഏഞ്ചൽസ് മേയർ കാരെൻ ബാസ് ചൊവ്വാഴ്ച നഗരത്തിൻറെ ഡൗൺടൗൺ പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തി. ഐ.സി.ഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ്) റെയ്ഡുകൾക്കെതിരെ ദിവസങ്ങളോളം നീണ്ട പ്രതിഷേധങ്ങളിൽ പ്രകടനക്കാരും നിയമപാലകരും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നിരുന്നു. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാൻ നാഷണൽ ഗാർഡിൻറെ സഹായവും ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ബ്ലെയർ ബെസ്റ്റൺ ആവശ്യപ്പെട്ടു. സമാധാനപരമായ പ്രതിഷേധത്തെ തുടർന്നുണ്ടായ ക്രിമിനൽ പ്രവർത്തനങ്ങളെ നഗര അധികൃതരും പ്രാദേശിക നേതാക്കളും അപലപിച്ചു.