യുക്രെയ്‌നിലെ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്
കിവ് : യുക്രെയ്നിലെ റഷ്യൻ മിസൈൽ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരം. തലസ്ഥാനമായ കീവിലും ഡ്‌നിപ്രോ നഗരത്തിലും ഉണ്ടായ ആക്രമണങ്ങളാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. ഡ്‌നിപ്രോയില്‍ ആറു പേരും കീവില്‍ നാല് പേരുമാണ് മരിച്ചതെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു.യുക്രെയ്‌നിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യോമാക്രമണ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ആരംഭിച്ച ആക്രമണത്തില്‍ നിരവധി അപ്പാര്‍ട്ട്‌മെന്റുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. അതിനാല്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിയിരിക്കാമെന്ന ആശങ്കയുമുണ്ട്. പരിക്കേറ്റവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കീവ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും നഗരമധ്യത്തില്‍ കനത്ത പുക ഉയരുന്നതു കണ്ടതായും പ്രദേശവാസികള്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പിന് സമീപവും നിര്‍മാണ സ്ഥലങ്ങളിലും ആള്‍പാര്‍പ്പുള്ള കെട്ടിടങ്ങളിലും തീപിടിച്ചു. ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്ലാക്ക്ഔട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനങ്ങളോട് സുരക്ഷിതകേന്ദ്രങ്ങളില്‍ തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
.jpg)

