ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ വനിതാ റിപ്പോര്‍ട്ടറോട് മോശമായി പെരുമാറിയയാള്‍ പിടിയില്‍

തത്സമയ ടിവി കവറേജിനിടെ വനിതാ റിപ്പോര്‍ട്ടറോട് മോശമായി പെരുമാറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ടിവിയില്‍ ലൈവ് റിപ്പോര്‍ട്ടിങ്ങ് നടത്തുന്നതിനിടയിലായിരുന്നു സംഭവം. ഇസ ബലാഡോ എന്ന റിപ്പോര്‍ട്ടര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ പുറകില്‍ നിന്ന് വന്നയാള്‍ മാധ്യമപ്രവര്‍ത്തകയുടെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു. ഞെട്ടിയ റിപ്പോര്‍ട്ടര്‍ ഒരു നിമിഷം മിണ്ടാനാകാതെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവം നടന്നയുടന്‍ അവതാരകന്‍ ഇടപെട്ട് ചൂണ്ടിക്കാട്ടുകയും ചെയ്തു. തുടര്‍ന്ന് വാര്‍ത്താ അവതാരകന്‍ ഇസയോടും ക്യാമറാമാനോടും ആളെ ഫ്രെയിമില്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അനുചിതമായ പെരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ട് ഇസ ഇയാളെ ഫ്രെയ്മില്‍ കാണിക്കുകയും ചെയ്തു. എന്തിനാണ് തന്റെ പിന്‍ഭാഗത്ത് സ്പര്‍ശിച്ചത് എന്ന ചോദ്യത്തിന് താന്‍ അങ്ങനെ ചെയ്തില്ല എന്നാണ് ആദ്യം ഇയാള്‍ മറുപടി പറഞ്ഞത്. തുടര്‍ന്ന്, ഇതൊരു തത്സമയ പരിപാടിയാണെന്നും താന്‍ സ്പര്‍ശിച്ചു എന്നും ഇസ ഇയാളോട് പറഞ്ഞു. പിന്നീട് ഇയാള്‍ മാപ്പ് പറഞ്ഞുവെങ്കിലും വീണ്ടും ഇസയുടെ തലയില്‍ തൊടാനുള്ള ശ്രമവും നടത്തി.
സംഭവത്തിന് പിന്നാലെ മാഡ്രിഡ് പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇസയ്ക്ക് പിന്തുണയറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.