മഡുറോയെയും ഭാര്യയെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു; ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റും
അമേരിക്കന്‍ ലഹരിവിരുദ്ധ സേന മഡുറോയെ ചോദ്യം ചെയ്യും.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ളാറസിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇരുവരേയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റും. തുടര്‍ന്ന് അമേരിക്കന്‍ ലഹരിവിരുദ്ധ സേന മഡുറോയെ ചോദ്യം ചെയ്യും.
മഡുറോയ്ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോച തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്തെത്തി. വെനസ്വേലയിലെ നടപടി ബുദ്ധി ശൂന്യമെന്നായിരുന്നു കമല ഹാരിസ് പറഞ്ഞത്. അമേരിക്കന്‍ ജനത ഇത് ആഗ്രഹിക്കുന്നില്ല. സൈനികരെ പ്രസിഡന്റ് അപകടത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കമല ഹാരിസ് ആഞ്ഞടിച്ചു. വിഷയത്തില്‍ യുഎന്‍ ഇടപെട്ടിട്ടുണ്ട്. വെനസ്വേലയിലെ സാഹചര്യം പരിശോധിക്കാന്‍ ഐക്യരാഷ്ട്രസഭ നാളെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
.jpg)


