ആകാശച്ചുഴിയിൽ വിമാനം ആടിയുലയുന്ന വീഡിയോയും ചിത്രങ്ങളും ഡിലീറ്റ് ചെയ്യണമെന്ന് ലുഫ്താൻസ

ആകാശച്ചുഴിയിൽ വീണതിനെ തുടർന്ന് ലുഫ്താൻസ എയർ വിമാനം അടിയന്തിരമായി വാഷിംഗ്ടൺ ഡി.സിയിലെ ഡള്ളസ് വിമാനത്താവളത്തിലിറക്കിയിരുന്നു. വിമാനം ആടിയുലഞ്ഞതിനെ തുടർന്ന് യാത്രക്കാർ ഭയാശങ്കരായിരുന്നു. വലിയ അപകട സാധ്യതയിൽനിന്ന് കഷ്ടിച്ചാണ് യാത്രക്കാർ രക്ഷപെട്ടത്. വിമാനത്തിനകത്തെ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈലുകളിൽ പകർത്തിയിരുന്നു. ഭക്ഷണസാധനങ്ങളും യാത്രക്കാരുടെ ലഗേജുകളും കാബിനിൽ പറന്നുനടക്കുന്ന ദൃശ്യങ്ങളായിരുന്നു അധികവും.
എന്നാൽ, വിമാനത്തിലെ ജീവനക്കാർ വീഡിയോകളും ചിത്രങ്ങളും നശിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് ലുഫ്താൻസ എയറിൽ ഉണ്ടായിരുന്ന യാത്രക്കാർ പറയുന്നു. അതേസമയം, യാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ അഭ്യർത്ഥിച്ചതെന്ന് വിമാനം അധികൃതർ പറയുന്നു.
ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതായി മറ്റൊരു യാത്രക്കാരൻ സ്ഥിരീകരിച്ചു. എന്നാൽ ഇതിനകം നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. കാബിൻ തറയിൽ ചിതറിക്കിടക്കുന്ന ഭക്ഷണവും കടലാസും അവശിഷ്ടങ്ങളും ദൃശ്യങ്ങളിൽ കാണാം. ചില യാത്രക്കാർക്ക് പരിക്കേറ്റിട്ടുമുണ്ട്.