ഇറാന്റെ എണ്ണ കേന്ദ്രം ലക്ഷ്യം: ഖാർഗ് ദ്വീപ് പിടിക്കാനൊരുങ്ങി ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാന്റെ പ്രധാന എണ്ണ സ്രോതസുകൾ പിടിച്ചെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച് ഡൊണാൾഡ് ട്രംപ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ കൈയടക്കാനാണ് യുഎസ് ആലോചിക്കുന്നത് എന്ന സൂചനയും ട്രംപ് നൽകി. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാനെ പ്രേരിപ്പിക്കുന്നതിനായി ഈ ദ്വീപിന്മേൽ ഉപരോധം ഏർപ്പെടുത്താനോ അധിനിവേശം നടത്താനോ ആണ് അമേരിക്കയുടെ പദ്ധതി.
ഫിനാൻഷ്യൽ ടൈംസിനോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ ഈ അഭിപ്രായ പ്രകടനങ്ങൾ. ഖാർഗ് ദ്വീപ് പിടിച്ചെടുക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്നും അങ്ങനെ വേണ്ടുന്നപക്ഷം യുഎസിന് മുന്നിൽ നിരവധി മാർഗങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. 'സത്യം പറഞ്ഞാൽ, ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് നിലവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം.' അദ്ദേഹം പറഞ്ഞു.
ഖാർഗ് ദ്വീപിന്റെ നിയന്ത്രണം യുഎസിന് ഏറ്റെടുക്കാൻ കഴിയുമെന്നും എന്നാൽ അത്തരമൊരു നീക്കത്തിന് അവിടെ ദീർഘകാല സൈനിക സാന്നിധ്യം ആവശ്യമായി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. 'ചിലപ്പോൾ ഞങ്ങൾ ഖാർഗ് ദ്വീപ് പിടിച്ചെടുത്തേക്കാം, ചിലപ്പോൾ ഇല്ല. ഞങ്ങൾക്ക് ധാരാളം ഓപ്ഷനുകളുണ്ട്. ദ്വീപ് പിടിച്ചെടുക്കാൻ തീരുമാനിച്ചാൽ കുറച്ചുകാലം ഞങ്ങൾ അവിടെ തുടരേണ്ടി വന്നേക്കും.' കരയുദ്ധത്തെക്കുറിച്ച് സൂചന നൽകിക്കൊണ്ട് ട്രംപ് പറഞ്ഞു.
ദ്വീപിലെ ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ ദുർബലമാണെന്നും ട്രംപ് അവകാശപ്പെട്ടു. 'അവർക്ക് കാര്യമായ പ്രതിരോധം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് അത് വളരെ എളുപ്പത്തിൽ ആ ദ്വീപ് പിടിച്ചെടുക്കാൻ കഴിയും.' വെനസ്വേലയിൽ യുഎസ് സ്വീകരിച്ച സമീപനവുമായി ട്രംപ് ഈ നീക്കത്തെ താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ജനുവരിയിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിന് ശേഷം അവിടുത്തെ എണ്ണ വ്യവസായം അനിശ്ചിതകാലത്തേക്ക് നിയന്ത്രിക്കാനാണ് യുഎസ് ലക്ഷ്യമിട്ടിരുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാനിൽ യുഎസ് കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഹോർമുസ് കടലിടുക്കിന് സമീപം ആക്രമണങ്ങൾ നടത്തുന്നതും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതുമായിരുന്നു ഇതിന്റെ പ്രധാനലക്ഷ്യം. ഇത് ഒരു പൂർണ തോതിലുള്ള അധിനിവേശമാകില്ല, മറിച്ച് പ്രത്യേക സേനയെയും (Special Forces) സാധാരണ സൈന്യത്തെും ഉൾപ്പെടുത്തിയുള്ള നീക്കങ്ങളാകാനും സാധ്യതയുണ്ട്. ആഗോള ഊർജ്ജ പാതകളിലെ ഇറാന്റെ തന്ത്രപരമായ സ്വാധീനം കുറയ്ക്കുക എന്നതാണ് യുഎസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇറാന്റെ തീരത്തുനിന്ന് ഏകദേശം 24 കിലോമീറ്റർ അകലെയുള്ള ചെറിയ ദ്വീപാണ് ഖാർഗ്, എങ്കിലും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഇത് നിർണ്ണായക പങ്കുവഹിക്കുന്നു. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ ദ്വീപാണ്, ഇത് രാജ്യത്തിന്റെ പ്രധാന ഊർജ്ജ കേന്ദ്രമായി മാറുന്നു. ദ്വീപിലെ ആഴക്കടൽ സൗകര്യങ്ങൾ വലിയ എണ്ണ ടാങ്കറുകൾക്ക് അടുക്കാനും പ്രധാന ഭൂപ്രദേശത്തുനിന്ന് പൈപ്പ് ലൈനുകൾ വഴി എത്തുന്ന എണ്ണ കയറ്റാനും സഹായിക്കുന്നു.
ഈ ടാങ്കറുകൾ പിന്നീട് പ്രധാന ആഗോള എണ്ണ പാതയായ ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത്, സംഘർഷത്തിലെ ഒരു പ്രധാന സമ്മർദ്ദ കേന്ദ്രമായി ഖാർഗ് ദ്വീപ് വിലയിരുത്തപ്പെടുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാനെ നിർബന്ധിക്കുന്നതിനായി ട്രംപ് ഭരണകൂടം ദ്വീപ് പിടിച്ചെടുക്കാനോ ഉപരോധിക്കാനോ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
എപ്പോൾ വേണമെങ്കിലും ദ്വീപ് ആക്രമിക്കാനോ നിയന്ത്രണത്തിലാക്കാനോ യുഎസ് സൈന്യത്തിന് ശേഷിയുണ്ടെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അവകാശപ്പെടുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ഉൾപ്പെടെയുള്ള ഇറാന്റെ പ്രധാന വരുമാന സ്രോതസ്സാണിത്. ഖാർഗ് ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് ആഗോള എണ്ണ വിതരണത്തെയും വിപണിയെയും കാര്യമായി ബാധിച്ചേക്കാം.
.jpg)


