ഇറാനിൽ ഖാംനഈയുടെ മരണാനന്തര ചടങ്ങുകൾക്ക് തുടക്കം
തെഹ്റാൻ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഭൗതികശരീരം തെഹ്‌റാനിലെ ഇമാം ഖുമേനി ഹുസൈനിയയിൽ എത്തിച്ചു. ഇതോടെ രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തിരിക്കുന്ന ആറു ദിവസം നീണ്ടുനിൽക്കുന്ന സംസ്കാര ചടങ്ങുകൾക്ക് തുടക്കമായി. ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ഔദ്യോഗിക ചടങ്ങുകൾക്ക് മുന്നോടിയായി ഖാംനഈ കൊല്ലപ്പെടാനിടയായ ആക്രമണം നടന്ന സ്ഥലത്തേക്ക് അദ്ദേഹത്തിന്റെ മൃതദേഹം എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സംപ്രേഷണം ചെയ്തു. വെള്ള പ്രാവുകളുടെ ആകൃതിയിലുള്ള അലങ്കാരങ്ങളും ചുവന്ന തുലിപ് പൂക്കളും കൊണ്ട് അലങ്കരിച്ച മയ്യത്ത് കട്ടിലിന് ചുറ്റും വലിയൊരു ജനാവലി തടിച്ചുകൂടിയിരുന്നു.
തെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ സംസ്കാര ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ദുഃഖസൂചകമായ പതാകകളും ഖാംനഈയുടെ വലിയ ചിത്രങ്ങളും ചുവന്ന ബാനറുകളും കൊണ്ട് സമുച്ചയം നിറഞ്ഞുനിൽക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളും വളരെ ശക്തമാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ കർശന പരിശോധനകൾ നടക്കുന്നുണ്ട്. പ്രത്യേക അനുമതിപത്രമുള്ളവർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ളത്.
.jpg)

