‘ജൂതർ ഗസ്സയിൽ കുടിയേറി താമസമാക്കണം, അന്താരാഷ്ട്ര നിയമപ്രകാരം ഗസ്സ ഇസ്രായേലിന്റെ ഭൂമിയുടെ ഭാഗമാണ്’ : ഇസ്രായേൽ മന്ത്രി
ജെറുസലേം : ഗസ്സ മുനമ്പിൽ ഇസ്രായേൽ വീണ്ടും അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾ പണിയണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ മന്ത്രി ഒറിറ്റ് സ്ട്രോക്ക്. ഗസ്സ പ്രദേശം ഇസ്രായേലിന്റെ ഭൂമിയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടാണ് ഔദ്യോഗിക റേഡിയോ സംപ്രേഷകരായ 'കാൻ' വഴി ഒറിറ്റ് വിവാദ പ്രസ്താവന നടത്തിയത്. ‘ജൂതന്മാർ ഗസ്സയിൽ ജീവിക്കണം. ഗസ്സയിൽ വീണ്ടും കുടിയേറ്റ കേന്ദ്രങ്ങൾ നിർമിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്’- ഒറിറ്റ് സ്ട്രോക്ക് പറഞ്ഞു.
ജൂത മതനിയമം അനുസരിച്ച് മാത്രമല്ല, അന്താരാഷ്ട്ര നിയമപ്രകാരവും ഗസ്സ ഇസ്രായേലിന്റെ ഭാഗമാണെന്നാണ് മന്ത്രി അവകാശപ്പെട്ടത്. എന്നാൽ, അന്താരാഷ്ട്ര നിയമപ്രകാരം ഗസ്സ എന്നത് അധിനിവേശ ഫലസ്തീൻ ഭൂമിയുടെ ഭാഗമാണ്. അധിനിവേശ ഭൂമിയിലെ ഇസ്രായേൽ കുടിയേറ്റങ്ങൾക്ക് നിയമപരമായ സാധുതയില്ലെന്നും, അവ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ആഗോള സമൂഹം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്.
ഗസ്സ അതിർത്തിയിലേക്ക് ഇസ്രായേലിലെ തീവ്ര വലതുപക്ഷ കുടിയേറ്റക്കാരും ഭരണകൂടത്തിലെ മന്ത്രിമാരും നടത്തിയ കൂറ്റൻ മാർച്ചിന് തൊട്ടുപിറ്റേന്നാണ് ഒറിറ്റ് സ്ട്രോക്കിന്റെ പ്രസ്താവന വന്നിരിക്കുന്നത്. സൈനിക നിരോധിത മേഖല മറികടന്ന് ഗസ്സയിൽ വീണ്ടും അനധികൃത കുടിയേറ്റം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. 2005 ആഗസ്റ്റിൽ ഇസ്രായേൽ പ്രധാനമന്ത്രി എറിയൽ ഷാരോണിന്റെ പ്ലാൻ പ്രകാരം വടക്കേ വെസ്റ്റ് ബാങ്കിലെ നാല് അനധികൃത കുടിയേറ്റങ്ങളും ഗസ്സയിലെ ഗുഷ് കതിഫ് ബ്ലോക്കും ഇസ്രായേൽ ഒഴിപ്പിച്ചിരുന്നു. ഈ ഒഴിപ്പിക്കലിന്റെ 21-ാം വാർഷികം അടയാളപ്പെടുത്തുന്നതിനാണ് മാർച്ച് സംഘടിപ്പിച്ചത്.
'നച്ചല' എന്ന കുടിയേറ്റ സംഘടനയുടെ നേതൃത്വത്തിൽ നടന്ന ഈ മാർച്ച് ഇസ്രായേൽ മാധ്യമമായ 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ-ഗ്വിർ, ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച്, പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ലീക്കുഡ് പാർട്ടി അംഗങ്ങൾ ഉൾപ്പെടെ ഭരണസഖ്യത്തിൽ നിന്നുള്ള 28 മന്ത്രിമാരും എം.പിമാരും പരിപാടിയിൽ പങ്കെടുത്തതായി സംഘാടകരായ 'നച്ചാല' ഗ്രൂപ്പ് വ്യക്തമാക്കി.
പ്രതിഷേധത്തിന് പിന്നാലെ മന്ത്രി ബെൻ-ഗ്വിർ ‘നമ്മുടെ ഗസ്സ’ എന്ന പേരിൽ തന്റെ എക്സ് അക്കൗണ്ടിൽ ഒരു വിഡിയോ സന്ദേശവും പങ്കുവെച്ചിട്ടുണ്ട്.‘മൂന്ന് വർഷം മുമ്പ് ഞങ്ങൾ ഗസ്സയുടെ 70 ശതമാനവും നിയന്ത്രിക്കുമെന്ന് ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ ആരും വിശ്വസിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത്, വൈകാതെ ഗസ്സയിലുടനീളം ജൂത കുടിയേറ്റ കേന്ദ്രങ്ങൾ വരും. ആളുകളുടെ പാലായനത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും,’ ബെൻ-ഗ്വിർ അവകാശപ്പെട്ടു.
2023 ഒക്ടോബർ മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന ക്രൂരമായ ആക്രമണങ്ങളിൽ ഇതുവരെ 73,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 1,73,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ഗസ്സയിൽ വീണ്ടും അനധികൃത കുടിയേറ്റങ്ങൾ സ്ഥാപിക്കുമെന്ന തീവ്ര വലതുപക്ഷ ഇസ്രായേലി നേതാക്കളുടെ ആവശ്യം ആഗോളതലത്തിൽ വലിയ ആശങ്കക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
.jpg)

