വിവാഹേതര ബന്ധങ്ങള്‍ പുറത്തായതിന് പിന്നാലെ എന്‍വിഡിയ സിഇഒ സ്ഥാനം രാജിവച്ച് ജെന്‍സന്‍ ഹുവാങ്ങ്

jensen huang

എന്‍വിഡിയ ഉദ്യോഗസ്ഥയും ചൈനീസ് വനിതയുമായുള്ള ജെന്‍സന്റെ ബന്ധം പുറത്തുവന്നതിന് ശേഷം 600 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കമ്പനിയുടെ ഓഹരി മൂല്യത്തിനുണ്ടായത്

വിവാഹേതര ബന്ധങ്ങള്‍ പുറത്തായതിന് പിന്നാലെ എന്‍വിഡിയ സിഇഒ സ്ഥാനം രാജിവച്ച് ജെന്‍സന്‍ ഹുവാങ്ങ്. 1993-ല്‍ കമ്പനി സ്ഥാപിച്ച നിമിഷം മുതല്‍ അതിനെ നയിച്ച മേധാവിയാണ് വിവാദച്ചുഴിയില്‍പ്പെട്ട് രാജിവച്ച് പുറത്തുപോകുന്നത്. എന്‍വിഡിയ ഉദ്യോഗസ്ഥയും ചൈനീസ് വനിതയുമായുള്ള ജെന്‍സന്റെ ബന്ധം പുറത്തുവന്നതിന് ശേഷം 600 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കമ്പനിയുടെ ഓഹരി മൂല്യത്തിനുണ്ടായത്. ഇന്ന് വ്യാപാരം തുടങ്ങിയ ശേഷം 13 ശതമാനം മൂല്യമിടിഞ്ഞു.


ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എന്‍വിഡിയയെ മാറ്റിയ മാന്ത്രികന് ഒടുവില്‍ നാണംകെട്ട പടിയിറക്കമാണുണ്ടായത്. പരസ്ത്രീ ബന്ധം കാരണമാണ് സ്ഥാപക മേധാവിക്ക് കമ്പനി ബോര്‍ഡില്‍ നിന്ന് പോലും രാജിവയ്‌ക്കേണ്ടി വന്നത്. ചൈനീസ് ചാരയെന്ന് സംശയിക്കപ്പെടുന്ന ആലിസ് ഹുവാങ്ങുമായുള്ള ബന്ധം പുറത്താവുകയും കമ്പനി മൂല്യം ഇടിഞ്ഞുതുടങ്ങുകയും ചെയ്തപ്പോഴും രാജി പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ എന്‍വിഡിയ ഹെല്‍ത്ത് കെയര്‍ വിഭാഗം വൈസ് പ്രസിഡന്റ് കിംബര്‍ലി പവലുമായുള്ള ബന്ധം കൂടി പരസ്യമായതോടെ രാജിയല്ലാതെ മറ്റൊരു വഴിയും ജെന്‍സന് മുന്‍പില്‍ അവശേഷിച്ചില്ല. കമ്പനി ജീവനക്കാര്‍ തമ്മില്‍, പ്രത്യേകിച്ച് മേലുദ്യോഗസ്ഥരും അവര്‍ക്ക് കീഴിലുള്ളവരും തമ്മില്‍ ഇത്തരം ബന്ധങ്ങള്‍ പാടില്ലെന്നത് കമ്പനി നിയമമാണ്.

വിവാദങ്ങള്‍ക്ക് പിന്നാലെ ഇടിഞ്ഞുതുടങ്ങിയ എന്‍വിഡിയയുടെ ഓഹരി മൂല്യം ജെന്‍സന്റെ രാജിക്ക് പിന്നാലെ നിലംപൊത്തുകയാണ്. മറ്റ് എഐ കമ്പനികളുടെ ഓഹരിമൂല്യവും ഇടിയുകയാണ്. കമ്പനി സിഎഫ്ഒ കോളറ്റ് ക്രെസ്സിനാണ് സിഇഒയുടെ താല്‍ക്കാലിക ചുമതല. ഹാര്‍വി സി. ജോണ്‍സിനെ എന്‍വിഡിയ ബോര്‍ഡ് ചെയര്‍ ആയി നിയമിച്ചു. മുപ്പത്തിമൂന്ന് വര്‍ഷം കമ്പനിയെ നയിച്ച ജെന്‍സന് നന്ദി പറഞ്ഞുകൊണ്ടാണ് രാജി സ്ഥിരീകരിച്ച എന്‍വിഡിയയുടെ വാര്‍ത്താക്കുറിപ്പ് അവസാനിക്കുന്നത്.

 ആഗോള എഐ വികസനത്തിന്റെയും എഐ സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ് എന്‍വിഡിയ. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ജെന്‍സന്‍ തുടങ്ങിയ കമ്പനി 33 വര്‍ഷം കൊണ്ട് കമ്പ്യൂട്ടിങ് രംഗത്തെ തന്നെ മാറ്റിമറിച്ചു. കമ്പനിയുടെ ചിപ്പുകളിലാണ് ഓപ്പണ്‍ എഐയും ആന്ത്രോപിക്കുമെല്ലാം സ്വന്തം എഐ മോഡലുകളെ പരിശീലിപ്പിച്ചത്. എന്‍വിഡിയയുടെ എല്ലാ എഐ കരാറുകള്‍ക്കും പിന്നില്‍ ജെന്‍സന്റെ തീരുമാനങ്ങളായിരുന്നു. അങ്ങനെയൊരാള്‍ പെട്ടെന്ന് പടിയിറങ്ങുമ്പോള്‍ ലോക എഐ ഇക്കോസിസ്റ്റത്തെ അത് ബാധിക്കും

Tags