ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് മടങ്ങി ജെ ഡി വാന്‍സ്

vance

മേഖലയില്‍ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ രൂപീകരിക്കുന്നതില്‍ സുപ്രധാന ചുവടുവെപ്പുകള്‍ നടത്തിയതായി വാന്‍സ് വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി ഒപ്പുവെച്ച 14 ഇന ധാരണാപത്രവുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന യുഎസ് - ഇറാന്‍ ചര്‍ച്ചകള്‍ക്ക് ശേഷം യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് മടങ്ങി. വളരെ ഫലപ്രദമായ 36 മണിക്കൂറുകളായിരുന്നുവെന്ന് ജെ ഡി വാന്‍സ് മടക്കയാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. മേഖലയില്‍ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ രൂപീകരിക്കുന്നതില്‍ സുപ്രധാന ചുവടുവെപ്പുകള്‍ നടത്തിയതായി വാന്‍സ് വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൈവരിച്ച പുരോഗതിയില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് വാന്‍സ് പറഞ്ഞു. 'ഞങ്ങള്‍ കൈവരിച്ച അടിസ്ഥാനപരമായ കാര്യങ്ങളില്‍ ഒന്നാമത്തേത്, ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ തുറന്നിരിക്കുന്നു എന്ന് മാത്രമല്ല, അത് എപ്പോഴും തുറന്നുതന്നെ കിടക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഒരു സംവിധാനം ഞങ്ങള്‍ രൂപീകരിച്ചു എന്നതാണ്. ഏകദേശം 1.5 കോടി ബാരല്‍ എണ്ണയാണ് അവിടെ നിന്ന് പുറത്തുവരുന്നതെന്നാണ് ഞങ്ങള്‍ കരുതുന്നത്. നിലവില്‍ എണ്ണവില ഇത്രയും കുറയാന്‍ കാരണം ഇതാണ്. ഇത് ഗ്യാസ് വില കുറയുന്നതിന് കാരണമായി, ഇനിയും ഗ്യാസ് വില കുറയും'- വാന്‍സ് പറഞ്ഞു.

മേഖലാതലത്തില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനും ഭാവിയില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷങ്ങള്‍, പ്രത്യേകിച്ച് ലെബനനിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ പോലുള്ളവ കൈകാര്യം ചെയ്യുന്നതിനുമായി ഒരു ചട്ടക്കൂട് രൂപീകരിച്ചിട്ടുണ്ടെന്ന് ജെ ഡി വാന്‍സ് അറിയിച്ചു. രാജ്യത്തേക്ക് ആണവ നിരീക്ഷകരെ പ്രവേശിപ്പിക്കാന്‍ ഇറാന്‍ സമ്മതിച്ചതായും വാന്‍സ് പറഞ്ഞു. ഇറാന്‍ ഭരണകൂടത്തിന് ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാന്‍ ഈ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും.

Tags