ഗസ്സ സമാധാന പദ്ധതിയുടെ ഭാഗമായി ഈജിപ്തിൽ ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ജാരദ് കുഷ്‌നർ

gaza

കെയ്റോ: ഗസ്സ സമാധാന പദ്ധതിയുടെ ഭാഗമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും നയതന്ത്ര പ്രതിനിധിയുമായി ജാരദ് കുഷ്നർ ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്തിലെ അൽ ആലമീൻ നഗരത്തിൽ നടന്ന ചർച്ചയിൽ ഹമാസ് നേതാവ് ഖലീലുൽ ഹയ്യ, ഈജിപ്ഷ്യൻ രഹസ്യാന്വേഷണ മേധാവി ഹസൻ റശാദ്, ഖത്തർ നയതന്ത്രജ്ഞൻ അലി അൽ തവാദി, തുർക്കിയയിലെ മുതിർന്ന ഉദ്യോഗസ്ഥൻ എന്നിവർ പങ്കെടുത്തു.

ബോർഡ് ഓഫ് പീസ് പ്രതിനിധി നിക്കോളായ് മ്ലാദേനോവും മുൻ യു.കെ പ്രധാനമന്ത്രി ടോണി ബ്ലെയറും കുഷ്‌നർക്കൊപ്പം പ​​​​ങ്കെടുത്തിട്ടുണ്ട്. 2025 ഒക്ടോബറിൽ വെടിനിർത്തലും ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചക്ക് ശേഷം ആദ്യമായാണ് കുഷ്‌നർ ഹമാസ് നേതാക്കളുമായി നേരിട്ട് സംസാരിക്കുന്നത്. സമാധാന പദ്ധതിയുടെ രൂപരേഖ വ്യക്തമായ നടപടികളിലൂടെ നടപ്പിലാക്കുക, ഗസ്സയുടെ ഭരണം നാഷണൽ അഡ്മിനിസ്ട്രേഷൻ കമ്മിറ്റിക്ക് കൈമാറുക, ഹമാസ് ആയുധങ്ങളും ഭരണാധികാരവും ഉപേക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ചർച്ച ചെയ്തത്.

ട്രംപിന്റെ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തോട് തങ്ങൾ പൂർണ പിന്തുണ അറിയിക്കുന്നതായി ചർച്ചക്ക് ശേഷം ഹമാസ് വ്യക്തമാക്കി. എന്നാൽ ഗസ്സ സമാധാന പദ്ധതി അംഗീകരിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പരസ്യമായി തയാറായാൽ മാത്രമേ ആയുധം താഴെവെക്കാൻ തങ്ങൾ ഒരുക്കമുള്ളൂ എന്ന് ചർച്ചയിൽ ഹമാസ് വ്യക്തമാക്കി. കരാറിലെ ആദ്യ ഘട്ടം നടപ്പിലാക്കുന്നതിൽ പരാജയപ്പെടുകയും സൈനിക നടപടികൾ തുടരുകയും ചെയ്യുന്ന ഇസ്രായേൽ സമാധാന പദ്ധതിയെ പരസ്യമായി എതിർക്കുകയുമാണ് ചെയ്തതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും വെടിനിർത്തൽ വ്യവസ്ഥകൾ കർശനമായി പാലിക്കാൻ അവരെ നിർബന്ധിക്കാനും മധ്യസ്ഥ രാജ്യങ്ങളോടും സമാധാന ബോർഡിനോടും ഹമാസ് ആവശ്യപ്പെട്ടു.

ഇസ്രായേൽ തുടർച്ചയായി വെടിനിർത്തൽ കരാറുകൾ ലംഘിക്കുന്നതിനെ സംബന്ധിച്ച് ഹമാസ് നേതാക്കൾ കുഷ്‌നറെ ധരിപ്പിച്ചതായി ഫലസ്തീൻ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം ഗസ്സയിലെ ജനങ്ങളെ കുടിയിറക്കാനുള്ള ഏത് നീക്കത്തെയും അമേരിക്ക എതിർക്കുന്നുവെന്ന് കുഷ്‌നർ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടയിലും ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണങ്ങൾ തുടരുകയാണ്. ഖാൻ യൂനിസിലും നുസൈറാത്ത് അഭയാർഥി ക്യാമ്പിലും ഉണ്ടായ ആക്രമണങ്ങളിൽ നിരവധി സാധാരണക്കാർക്ക് പരിക്കേറ്റു.

ഹമാസുമായുള്ള ചർച്ചക്ക് ശേഷം കുഷ്‌നർ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുമായും പ്രത്യേക ചർച്ചകൾ നടത്തി. ഇതിന് ശേഷം, നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അദ്ദേഹം ഇസ്രായേലിലേക്ക് തിരിച്ചു. ഗസ്സയിലേക്കുള്ള മാനുഷിക സഹായം (പ്രതിദിനം 600 ട്രക്കുകൾ) ഉറപ്പാക്കുക, തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ കുഷ്‌നർ നെതന്യാഹുവിന് മുന്നിൽ വെച്ചേക്കും. അതിനിടെ, അമേരിക്കൻ സമാധാന പദ്ധതി നിരസിക്കുന്ന ഇസ്രായേലിന്റെ നടപടിയെ ഈജിപ്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, തുർക്കിയ, പാകിസ്താൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ ശക്തമായി അപലപിച്ചു. സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന ഇസ്രായേലിനെക്കൊണ്ട് കരാർ അംഗീകരിപ്പിക്കാൻ അമേരിക്ക സജീവമായി ഇടപെടണമെന്നും അവർ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags