ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു ; 25കോടി പാകിസ്ഥാന്‍ സഹായമെന്ന് റിപ്പോര്‍ട്ട്

pakistan

കഴിഞ്ഞ വര്‍ഷം മെയില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ ഭാഗമായി ഏതാണ്ട് പൂര്‍ണമായും തന്നെ ആസ്ഥാനം തകര്‍ന്നിരുന്നു.

 ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു. പാകിസ്ഥാനിലെ ബഹാവല്‍പൂരിലെ ആസ്ഥാനമായ കെട്ടിടസമുച്ചയമാണ് പുനര്‍നിര്‍മിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷം മെയില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ ഭാഗമായി ഏതാണ്ട് പൂര്‍ണമായും തന്നെ ആസ്ഥാനം തകര്‍ന്നിരുന്നു.

പഞ്ചാബ് പ്രവിശ്യയിലുള്ള ഈ ക്യാമ്പ് പുതിയ മാര്‍ബിള്‍ പതിച്ചും, പുതിയ പെയിന്റും പ്ലാസ്റ്ററിംഗും നടത്തിയും നവീകരിച്ചു. ഒപ്പം കേടുപാടുകള്‍ സംഭവിച്ചിരുന്ന താഴികക്കുടങ്ങളും പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആക്രമണങ്ങള്‍ മൂലം ഉണ്ടായ കേടുപാടുകള്‍ ഫലപ്രദമായി മറച്ചുകൊണ്ട്, പ്രധാന ഹാളിലുണ്ടായിരുന്ന ഗര്‍ത്തങ്ങള്‍ നികത്തുകയും കെട്ടിടം പുതുക്കിപ്പണിയുകയും ചെയ്തിരിക്കുകയാണ്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാന്‍ ഭരണകൂടം ജയ്ഷെ മുഹമ്മദിന് (ജെഇഎം) 25 കോടി പാകിസ്ഥാനി രൂപ ഘട്ടംഘട്ടമായി നല്‍കിയിരുന്നു എന്നാണ് വിവരം. ഇതില്‍ ഏകദേശം 11 കോടി രൂപ കേന്ദ്ര ഹാള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി മാത്രമാണ് ചെലവഴിച്ചത്. പ്രധാന കെട്ടിടസമുച്ചയത്തോട് ചേര്‍ന്നുള്ളതും കേടുപാടുകള്‍ സംഭവിച്ചതുമായ മദ്രസ അല്‍-സാബിര്‍, ജെഇഎം കമാന്‍ഡര്‍മാര്‍ ഉപയോഗിച്ചിരുന്ന താമസസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ നീക്കം ചെയ്യുകയും, അവിടെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയുമാണ്. ഈ വര്‍ഷം ഏപ്രിലില്‍ പരിശോധിച്ച ഉപഗ്രഹ ദൃശ്യങ്ങളിള്‍ പ്രകാരം പ്രസ്തുത സ്ഥലത്ത് വലിയ യന്ത്രങ്ങളും നിര്‍മ്മാണ വാഹനങ്ങളും ഉണ്ടായിരുന്നതും കേടുപാടുകള്‍ സംഭവിച്ച താഴികക്കുടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നതും വ്യക്തമായിരുന്നു.

Tags