ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം
സാമൂഹികവും സാംസ്‌കാരികവുമായ സംയോജനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം. ക്ലാസുകളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാനും ഇറ്റാലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയാണ് ഭരണകക്ഷിയായ 'ബ്രദേഴ്സ് ഓഫ് ഇറ്റലി'യുടെ യുവജന വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ ഇത് സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. സാമൂഹികവും സാംസ്‌കാരികവുമായ സംയോജനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മുഖം തുറന്നുതന്നെ എത്തണമെന്നും, പാരമ്പര്യത്തിന്റെ പേരിലായാല്‍ പോലും പെണ്‍കുട്ടികള്‍ മുഖം മറയ്ക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറഞ്ഞു. എന്നാല്‍ തലമുടി മാത്രം മറയ്ക്കുന്ന ഹിജാബ് നിരോധനത്തിന്റെ പരിധിയില്‍ വരുന്നില്ല. സ്‌കൂളുകളില്‍ ഇറ്റാലിയന്‍ ഭാഷ പഠിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ഭാഷാ പഠനം നിര്‍ബന്ധമാക്കുമെന്നും മെലോണി പ്രഖ്യാപിച്ചു. 'ഇറ്റലിയില്‍ വന്ന് തങ്ങളുടെ ഭാവി കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും നമ്മുടെ ഭാഷ പഠിക്കുകയും സംസ്‌കാരം മനസ്സിലാക്കുകയും നിയമങ്ങളെ ബഹുമാനിക്കുകയും വേണം,' എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
.jpg)

