സുരക്ഷാ കാബിനറ്റ് യോഗം വിളിച്ച് ഇസ്രായേൽ പ്രധാനമന്ത്രി

israel

 അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെടുന്ന സമാധാന കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചു.യുഎസിൻറെ ഈ നീക്കം തികച്ചും ഒരു മോശം ആശയമാണ് എന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ സ്വകാര്യ ചർച്ചകളിൽ വിലയിരുത്തുന്ന പശ്ചാത്തലത്തിലാണ് യോഗം. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ പരസ്യമായി വിമർശിക്കുന്നത് നെതന്യാഹു ഒഴിവാക്കുന്നുണ്ടെങ്കിലും, വാഷിംഗ്ടണിൻറെ തീരുമാനങ്ങളിലും ഇറാനുമായുള്ള ചർച്ചകളിലും തനിക്ക് പരിമിതമായ സ്വാധീനം മാത്രമേയുള്ളൂ എന്ന് അദ്ദേഹം സ്വകാര്യ ചർച്ചകളിൽ സമ്മതിച്ചതായി രണ്ട് ഇസ്രായേൽ വൃത്തങ്ങൾ സിഎൻഎന്നിനോട് വെളിപ്പെടുത്തി.

നിലവിലെ കരാർ രൂപരേഖ പ്രകാരം, ഇറാൻറെ ആണവ പദ്ധതിയെക്കുറിച്ചോ അവരുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെക്കുറിച്ചോ ഉള്ള ഇസ്രായേലിൻറെ പ്രധാന ആശങ്കകൾക്കൊന്നും പരിഹാരമാകുന്നില്ലെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മറുവശത്ത്, ലെബനനിലെ വെടിനിർത്തൽ ശക്തമാക്കാൻ ഇറാൻ സമ്മർദ്ദം ചെലുത്തുമ്പോഴും, ഇസ്രായേലി സൈന്യത്തിന് നേരെയും വടക്കൻ അതിർത്തി ഗ്രാമങ്ങൾക്ക് നേരെയും ഹിസ്ബുള്ള ഡ്രോൺ, യുഎവി ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഇത് നെതന്യാഹുവിന് മേൽ കടുത്ത ആഭ്യന്തര രാഷ്ട്രീയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്.

വിമർശനങ്ങൾ ശക്തമായതോടെ, തിങ്കളാഴ്ച നെതന്യാഹു ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഹിസ്ബുള്ളയുടെ ശക്തമായ ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായി ലെബനനിൽ ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. "നമ്മൾ തിരിച്ചടികളുടെ ആഘാതവും തീവ്രതയും വർദ്ധിപ്പിക്കണം. അവരെ നമ്മൾ നിർണ്ണായകമായി തകർക്കും," നെതന്യാഹു വീഡിയോയിൽ വ്യക്തമാക്കി. അമേരിക്കൻ ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോഴും അതിർത്തിയിൽ യുദ്ധവീര്യം കുറയ്ക്കില്ലെന്ന സന്ദേശമാണ് നെതന്യാഹു ഇതിലൂടെ നൽകുന്നത്.

Tags