ഇസ്രയേല് പ്രധാനമന്ത്രി നെതന്യാഹു രഹസ്യമായി യുഎഇ സന്ദര്ശനം നടത്തിയെന്ന് റിപ്പോര്ട്ട്
ഇതിനുമുമ്പും ഇരുവരും തമ്മില് രഹസ്യ കൂടിക്കാഴ്ചകള് നടത്തിയിരുന്നതായി വിവരങ്ങളുണ്ട്.
ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു യുഎഇയില് രഹസ്യ സന്ദര്ശനം നടത്തുകയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാനുമായി അബുദാബിയില് കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി റിപ്പോര്ട്ട്. സ്വകാര്യ വിമാനത്തില് അബുദാബിയിലെത്തിയ നെതന്യാഹു നാലു മണിക്കൂറോളം അവിടെ ചെലവഴിച്ചതായി റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. എന്നാല് ഈ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാന് ഇസ്രയേല് പ്രധാനമന്ത്രിയുടെ ഓഫീസോ യുഎഇ വിദേശകാര്യ മന്ത്രാലയമോ തയ്യാറായിട്ടില്ല.
ഇതിനുമുമ്പും ഇരുവരും തമ്മില് രഹസ്യ കൂടിക്കാഴ്ചകള് നടത്തിയിരുന്നതായി വിവരങ്ങളുണ്ട്. കഴിഞ്ഞ മാര്ച്ച് 26ന് ഒമാന് അതിര്ത്തിയിലുള്ള അല് ഐന് നഗരത്തില് നെതന്യാഹുവും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല് തന്റെ രാഷ്ട്രീയ എതിരാളിയായ നഫ്താലി ബെന്നറ്റ് യുഎഇ സന്ദര്ശിക്കുന്നതിന് തൊട്ടുമുമ്പ് നെതന്യാഹു ഈ വിവരങ്ങള് പരസ്യപ്പെടുത്തിയത് അന്ന് ഇരു രാജ്യങ്ങളും തമ്മില് നയതന്ത്ര തര്ക്കങ്ങള്ക്ക് ഇടയാക്കിയിരുന്നു.
2023 ഒക്ടോബര് 7ലെ ഹമാസ് ആക്രമണത്തിന് തൊട്ടുമുമ്പ് യുഎഇ പ്രസിഡന്റ് നെതന്യാഹുവിന് നല്കിയ മുന്നറിയിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള് ഇസ്രയേലില് പുകയുന്നതിനിടയിലാണ് ഈ നിര്ണായക സന്ദര്ശനം നടന്നത്. ഹമാസ് വലിയൊരു ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് ആക്രമണത്തിന് ഒന്നര ആഴ്ച മുമ്പ് യുഎഇ നേതാവ് നെതന്യാഹുവിന് മുന്നറിയിപ്പ് നല്കിയിരുന്നതായും എന്നാല് വിവരം ഇസ്രയേലി ഇന്റലിജന്‌സ് ഏജന്‌സിക്കോ സൈന്യത്തിനോ കൈമാറിയിരുന്നില്ലെന്നും ഇസ്രയേലി പത്രമായ ഹാറൈറ്റ്‌സ് റിപ്പോര്ട്ട് ചെയ്തിരുന്നു.എന്നാല് ഈ ആരോപണങ്ങള് തള്ളിക്കളഞ്ഞ നെതന്യാഹു പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കിയിരുന്നു.
.jpg)

