ഫലസ്തീൻ കുട്ടികളെ ഇസ്രായേൽ സൈന്യം ബോധപൂർവ്വം ലക്ഷ്യമിടുന്നു ; ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷണ കമ്മീഷൻ

un

ഗാസയിലെ ഫലസ്തീൻ കുട്ടികളെ ഇസ്രായേൽ സൈന്യം ബോധപൂർവ്വം ലക്ഷ്യമിടുകയാണെന്നും ഇത് വംശഹത്യയുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും പരിധിയിൽ വരുന്നതാണെന്നും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷണ കമ്മീഷൻ.കുട്ടികളെ കൊന്നൊടുക്കുന്നതിലൂടെ ഫലസ്തീന്റെ ഭാവി തന്നെ തകർക്കാനുള്ള ആസൂത്രിത തന്ത്രമാണ് ഇസ്രായേൽ നടപ്പാക്കുന്നതെന്ന് കമ്മീഷൻ പുതിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷവും ഗാസയിൽ കുട്ടികൾ വ്യാപകമായി കൊല്ലപ്പെടുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ 2021-ൽ യുഎൻ ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ രൂപീകരിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷനാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് കൂടിയായ ശ്രീനിവാസൻ മുരളീധർ അധ്യക്ഷനായ മൂന്നംഗ വിദഗ്ധ സമിതിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

2025 ഒക്ടോബറിലെ വെടിനിർത്തലിന് ശേഷവും അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ഇസ്രായേൽ പലസ്തീൻ കുട്ടികളെ കൊന്നൊടുക്കുകയാണെന്ന് കമീഷൻ വ്യക്തമാക്കി. കുട്ടികളെ ലക്ഷ്യമിടുന്നതിലൂടെ പലസ്തീൻ ജനതയുടെ നിലനിൽപ്പിനെയും അവരുടെ സ്വയംനിർണ്ണയ അവകാശത്തെയുമാണ് ഇസ്രായേൽ ആക്രമിക്കുന്നതെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ശ്രീനിവാസൻ മുരളീധർ വ്യക്തമാക്കി.
സ്‌നൈപ്പറുകളും ക്വാഡ്‌കോപ്റ്റർ ഡ്രോണുകളും പോലുള്ള അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച്‌ കുട്ടികളുടെ ആന്തരികാവയവങ്ങളിലേക്ക് നേരിട്ട് വെടിയുതിർക്കുന്നതായി കമീഷൻ റിപ്പോർട്ടിൽ പറയുന്നു: അഭയാർത്ഥി ക്യാമ്പുകൾ, സ്‌കൂളുകൾ, ജനവാസ മേഖലകൾ എന്നിവയ്ക്ക് നേരെ കനത്ത പ്രഹരശേഷിയുള്ള ആയുധങ്ങൾ ഉപയോഗിച്ച്‌ ആക്രമണം നടത്തുന്നു. ഗാസയിലെ കുട്ടികളിൽ കടുത്ത പോഷകാഹാരക്കുറവ് ഉണ്ടാക്കാൻ 'പട്ടിണി' ഒരു യുദ്ധായുധമായിഉപയോഗിക്കുന്നു. ഇസ്രായേൽ ജയിലുകളിൽ ഫലസ്തീനിലെ കൗമാരക്കാരായ ആൺകുട്ടികൾ ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ ഗസ്സയിൽ 73,035-ലധികം പേർ കൊല്ലപ്പെട്ടതായാണ് യുഎൻ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 21,280-ലധികം പേർ കുട്ടികളാണ്.
കമീഷന്റെ കണ്ടെത്തലുകൾ ഇസ്രായേൽ നിഷേധിച്ചു. സത്യം കണ്ടെത്തുന്നതിന് പകരം ഇസ്രായേലിനെ മാത്രം വേട്ടയാടാൻ രൂപീകരിച്ചതാണ് കമ്മീഷനെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തി. ഹമാസ് കൊലപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഇസ്രായേലി കുട്ടികളെക്കുറിച്ച്‌ റിപ്പോർട്ടിൽ പറയുന്നില്ലെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഹമാസ് പലസ്തീനിലെ കുട്ടികളെ മനുഷ്യപരിചയായി ഉപയോഗിക്കുകയാണെന്നും ഇസ്രായേൽ ആവർത്തിച്ചു.

Tags