ഫലസ്തീനികൾക്കെതിരെ ആക്രമണം രൂക്ഷമാക്കി ഇസ്രായേൽ


ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ട ചർച്ചയിലേക്ക് കടക്കാനിരിക്കെ ഫലസ്തീനികൾക്കെതിരെ ആക്രമണം രൂക്ഷമാക്കി ഇസ്രായേൽ സേന. കഴിഞ്ഞ ദിവസം സേനയുടെ വെടിവെപ്പിൽ മധ്യ, തെക്കൻ ഗസ്സയിൽ ആറുപേരും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനിൽ നാലുപേരും കൊല്ലപ്പെട്ടു.
നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലേക്കുള്ള വൈദ്യുതി, കുടിവെള്ള വിതരണം വിച്ഛേദിച്ചതിന് പിന്നാലെയാണ് ആക്രമണം. വെടിനിർത്തൽ കരാർ ലംഘിച്ച് നിരോധിത മേഖലയിലേക്ക് പ്രവേശിച്ചവരെയാണ് വെടിവെച്ചതെന്ന് സേന ന്യായീകരിച്ചു. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഒന്നര വർഷമായി നടക്കുന്ന ഇസ്രായേൽ വംശഹത്യയിൽ 48,503 പേർ കൊല്ലപ്പെട്ടു.