മൊജ്തബ ഖമനെയി ആരോഗ്യവാന്‍ ? ദൃശ്യം പുറത്തുവിട്ട് ഇറാന്‍ മാധ്യമം

mojtaba khamenei

ഭിത്തിയില്‍ ചാരിയിരുന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുന്ന ഖമനെയി ആണ് ദൃശ്യങ്ങളിലുള്ളത്.

ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനെയി ആരോഗ്യവാനായിരിക്കുന്ന ദൃശ്യം പുറത്തുവിട്ട് ഇറാന്‍ മാധ്യമം. മൊജ്തബ ഖമനെയി ഗുരുതരാവസ്ഥയിലാണെന്ന ഇസ്രായേലി മാധ്യമത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ഇറാന്‍ ഭരണകൂടവുമായി ബന്ധമുള്ള മെഹ്ര് ന്യൂസ് ഏജന്‍സി ആണ് മൊജ്തബ ഖമനെയിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഭിത്തിയില്‍ ചാരിയിരുന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുന്ന ഖമനെയി ആണ് ദൃശ്യങ്ങളിലുള്ളത്. 12 സെക്കന്‍ഡ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ദൃശ്യങ്ങള്‍ എപ്പോള്‍, എവിടെവെച്ച് ചിത്രീകരിച്ചതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആണ് മെജ്തബ ഖമനെയിയുടെ നില അതീവ ഗുരുതരമാണെന്ന് ഇസ്രായേലി മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.


യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ ആണ് മകന്‍ മൊജ്തബ ഖമനെയി ഇറാന്റെ പരമോന്നത നേതൃപദവിയിലേക്ക് എത്തുന്നത്. അധികാരമേറ്റെങ്കിലും മൊജ്തബ ഖമനെയി പൊതുമധ്യത്തില്‍ എത്താതെ, പ്രസ്താവനകളിലൂടെ ആണ് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നത്. ഇതോടെ ആക്രമണത്തില്‍ മൊജ്തബ ഖമനെയിക്ക് പരിക്കേറ്റിരിക്കാമെന്ന അഭ്യൂഹങ്ങളും സജീവമായി.
മൊജ്തബ ഖമനെയിയുമായി നേരിട്ടു ബന്ധപ്പെടാന്‍ നിലവില്‍ വളരെ പ്രയാസമുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, ഖമനെയി ഇറാനില്‍ ഇല്ലെന്ന് ഇസ്രായേലി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചു സൗദി മാധ്യമം ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ശേഷം മൊജ്തബ ഖമനെയി ക്യാബിനെറ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മസൂദ് പെസഷ്‌കിയാനുമായി ബന്ധമുള്ളവരെ ഉദ്ധരിച്ചു ഇറാന്റെ പ്രതിപക്ഷവുമായി ബന്ധമുള്ള മാധ്യമമായ ഇറാന്‍ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാന്റെ ഉന്നത സൈനിക നേതൃത്വത്തെ ഇല്ലാതാക്കിയെന്നും ഖമനെയി 90 ശതമാനം ഇല്ലാതായെന്നും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും അവകാശപ്പെട്ടിരുന്നു. ഇത് തള്ളിയ ഇറാന്‍ ഭരണകൂട അധികൃതര്‍, നിര്‍ണായക തീരുമാനങ്ങള്‍ക്ക് ഖമനെയി തന്നെയാണ് മേല്‍നോട്ടം വഹിക്കുന്നതെന്നും നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മൊജ്തബ ഖമനെയി പൊതുമധ്യത്തില്‍ എത്താത്തതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടവരുത്തുന്നത്.

Tags